ആഗ്ര: ഒാരം ചേർന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് റോഡ് നിർമിച്ചു. റോഡിനടിയിൽ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത് മണിക്കൂറുകളോളം. നായയുടെ പിൻകാലുകൾ പൂർണമായും റോഡിനടിയിലായി. ചുട്ടു പൊള്ളുന്ന ടാർ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിർമാണം തകൃതിയായി നടന്നത്.
ആഗ്രയിലെ ഫതേഹബാദിൽ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്പോൾ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഒാരിയിട്ടിട്ടും നിർമാണ തൊഴിലാളികൾ അത് അവഗണിച്ച് ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാർ പറഞ്ഞു. എന്നാൽ പ്രവൃത്തി നടന്നത് രാത്രിയായിരുന്നതിനാൽ തൊഴിലാളികൾ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
നായയുടെ കാലുകൾ റോഡിനടിയിൽ മൂടിക്കിടക്കുന്ന അവസ്ഥയിലാണ് താൻ കണ്ടതെന്ന് ആഗ്രയിലെ പൊതുപ്രവർത്തകൻ ഗോവിന്ദ് പരാശർ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ നായ അൽപസമയം കഴിഞ്ഞപ്പോൾ ചത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ച് നായയെ പുറത്തെടുത്ത ശേഷം അദ്ദേഹം അതിെന സംസ്കരിക്കുകയായിരുന്നു. റോഡ് നിർമാണ കമ്പനിക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്നും ഗോവിന്ദ് പരാശർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.