ലഖ്നോ: ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെതിരെ ഗ്യൻവാപി മാനേജ്‌മെന്‍റ് കമ്മിറ്റി നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെയുള്ള ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്നാണ് കോടതി വ്യക്തമാക്കിയത്.
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത തെക്കുഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന' എന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.
അതേസമയം, പൂജ അനുവദിച്ച ജില്ലാ ജഡ്ജിയെ വിരമിക്കലിന് പിന്നാലെ ഓംബുഡ്സ്മാനായി നിയമിച്ചു. വിരമിക്കുന്ന ദിവസമായ ജനുവരി 31നാണ് വിശ്വേശ, മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കൾക്ക് കൈമാറി വിധി പറഞ്ഞത്. ഒരുമാസം തികയുന്നതിന് മുമ്പ് ഫെബ്രുവരി 27നാണ് ലഖ്നോവിലെ സർക്കാർ സർവകലാശാലയായ ‘ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റി’യിൽ മൂന്ന് വർഷത്തേക്ക് വിശ്വേശയെ ലോക്‌പാലായി (ഓംബുഡ്‌സ്മാൻ) നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.