ന്യൂഡൽഹി: ജി20 ഉച്ചകോടി തടസപ്പെടുത്താൻ കശ്മീരി മുസ് ലിംകളോട് ആഹ്വാനം ചെയ്ത് ഖലിസ്താൻ വിഘടനവാദി നേതാവും നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) സ്ഥാപകനുമായ ഗുർപത്വന്ത് സിങ് പന്നു. ഓഡിയോ സന്ദേശത്തിലൂടെയാണ് വിഘടനവാദി നേതാവ് ഇക്കാര്യം ആഹ്വാനം ചെയ്യുന്നത്.
വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ജി20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തിലേക്ക് മാർച്ച് ചെയ്യാനാണ് ആഹ്വാനം. ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഖലിസ്താനി പതാക ഉയർത്തുമെന്നും എസ്.എഫ്.ജെയുടെ വെല്ലുവിളിയുണ്ട്.
ആഗസ്റ്റ് 31ന് ജി20 ഉച്ചകോടി നടക്കാനിരിക്കെ ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ശിവാജി പാർക്ക്, പഞ്ചാബി ബാഗ്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, നംഗ്ലോയ് എന്നീ മെട്രോ സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
'ഡൽഹി ഖലിസ്ഥാനാക്കും, ഖലിസ്താൻ സിന്ദാബാദ്, മോദിയുടെ ഇന്ത്യയിൽ സിഖുകാർ കൂലക്കൊല ചെയ്യപ്പെടുന്നു' എന്നീ മുദ്രാവാക്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ എസ്.എഫ്.ജെയുമായി ബന്ധമുള്ള രണ്ടു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 9, 10 തീയതികളിലാണ് ഡൽഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.