മുംബൈ: ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർകർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകണമെന്ന് ശിവസേന. പാർട്ടി മുഖപത്രം സാമ്നയിൽ മുതിർന്ന നേതാവും എം.പിയുമായ സഞ്ജയ് റൗത് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഹിന്ദുത്വ സർക്കാറുകൾ സവർകരോട് അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഭാരതീയ ജനസംഘം സ്ഥാപകൻ ദീൻദയാൽ ഉപാധ്യായ ആദരിക്കപ്പെട്ടു. ഉപാധ്യായയുടെ രേഖാചിത്രം സർക്കാർ സ്ഥാപനങ്ങളിലെ ഭിത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, സമാന രീതിയിൽ സവർകരുടെ ചിത്രങ്ങൽ സ്ഥാപിച്ചിട്ടില്ല. അതിനാൽ ഭാരത രത്നം നൽകി സവർകരെ ആദരിക്കണം. അല്ലാത്തപക്ഷം ഹിന്ദുത്വ എന്നത് രാഷ്ട്രീയം മാത്രമായി ചുരുങ്ങുമെന്നും ലേഖനത്തിൽ പറയുന്നു.
അലിഗഡ് മുസ് ലിം സർവകലാശാലയുടെ ചുമരിൽ നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികൾ രംഗത്തു വരുന്നു. എന്നാൽ, മോദി അനുകൂലികൾ സർവർകരെ ആദരിക്കുന്ന വിഷയത്തിൽ പ്രതികരിക്കുന്നില്ല. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന മുസ് ലിംകളെ തടങ്കലിൽ വെക്കണമെന്നും കൊലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നവർ സവർകരെ അപമാനിക്കുന്നത് ക്ഷമിക്കുന്നത് വിചിത്ര നിലപാടാണെന്നും സഞ്ജയ് റൗത് ചൂണ്ടിക്കാട്ടുന്നു.
ഹിന്ദുത്വയുടെ പേരിൽ എല്ലാ തലത്തിലും വിഷം വ്യാപിക്കുകയാണ്. കപട മതേതരത്വം കോൺഗ്രസ് ഭരണത്തിൽ പാരമ്യത്തിൽ എത്തി. ഹിന്ദു-മുസ് ലിം സംഘർഷങ്ങൾ സൃഷ്ടിച്ച് ആ രക്തത്തിലൂടെ 2019ലെ തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.