ചണ്ഡീഗഢ്: സിദ്ദു-അമരീന്ദർ േപാര് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പഞ്ചാബിൽ കോൺഗ്രസ് നേതൃത്വത്തിെൻറ ചർച്ച. ഇന്ത്യൻ ക്രിക്കറ്റ് മുൻ താരംകൂടിയായ നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയുള്ള ഫോർമുലയാണ് ഉരുത്തിരിയുന്നത്. ശനിയാഴ്ച പഞ്ചാബിെൻറ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് മുഖ്യമന്ത്രി അമരീന്ദറുമായി അദ്ദേഹത്തിെൻറ ഫാം ഹൗസിൽ കൂടിക്കാഴ്ച നടത്തി.
കോപ്ടറിൽ മൊഹാലിയിലെത്തിയ റാവത്ത് നേരിട്ട് ഫാം ഹൗസിലേക്ക് ചെല്ലുകയായിരുന്നു. കോൺഗ്രസ് നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ചർച്ചക്കുശേഷം അമരീന്ദർ വ്യക്തമാക്കിയതോടെ മഞ്ഞുരുക്കത്തിന് സാധ്യതയേറി. 2022ൽ സിദ്ദുവിെൻറയും അമരീന്ദറിെൻറയും നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നേരിടാനുള്ള നീക്കത്തിനാണ് കോൺഗ്രസ് നേതൃത്വത്തിെൻറ ശ്രമം.
സിദ്ദുവിനെ നിയമിക്കുന്നതിനെതിരെ അമരീന്ദർ നേരത്തെ കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു ചർച്ച. അതേസമയം, അമരീന്ദർ-ഹരീഷ് റാവത്ത് ചർച്ച പുരോഗമിക്കുന്നതിനിടെ, പഞ്ചാബിലെ മുതിർന്ന നേതാക്കളുമായും മന്ത്രിമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കറുമായുള്ള കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു. തെൻറ മുതിർന്ന സഹോദരനും ചാലകശക്തിയുമാണ് ജാക്കറെന്ന് സിദ്ദു പ്രതികരിച്ചു.
അമരീന്ദറിെൻറ അടുപ്പക്കാരായ ആരോഗ്യമന്ത്രി ബൽബീർ സിങ്, മുതിർന്ന നേതാവ് ലാൽ സിങ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച സോണിയയെ ഡൽഹിയിലെ വസതിയിൽവെച്ച് സിദ്ദു കണ്ടിരുന്നു. രാഹുൽ ഗാന്ധിയും ഹരീഷ് റാവത്തും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ദു സോണിയയുടെ വീട്ടിൽനിന്ന് മടങ്ങിയത്. അന്തിമതീരുമാനം സോണിയ എടുത്തിട്ടില്ലെന്നാണ് യോഗശേഷം ഹരീഷ് റാവത്ത് പറഞ്ഞത്. എന്നാൽ, സിദ്ദുവിെൻറ അനുയായികൾ പഞ്ചാബിൽ അദ്ദേഹത്തിെൻറ വീട്ടിൽ ഒത്തുകൂടി മധുരം പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.