ന്യൂഡൽഹി: പ്രമുഖ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിനുള്ള മരണാനന്തര ആദരമായി പുറത്തിറങ്ങിയ വിഡിയോ ഗാനം ഇന്ത്യയിൽ യൂട്യൂബിൽനിന്ന് നീക്കംചെയ്തു.
വെള്ളിയാഴ്ച എം.എക്സ്.ആർ.സി.ഐ പുറത്തിറക്കിയ സിദ്ദു മൂസേവാല രചനയും സംഗീതവും നിർവഹിച്ച എസ്.വൈ.എൽ എന്ന പേരിലുള്ള ഗാനമാണ് കേന്ദ്ര സർക്കാറിന്‍റെ ഇടപെടലിനെ തുടർന്ന് നീക്കിയത്. സത് ലജ്-യമുന ലിങ്ക് കനാൽ എന്ന് അർഥമാക്കുന്ന എസ്.വൈ.എൽ എന്ന ഗാനത്തിന്‍റെ പേരും ഉള്ളടക്കവുമാണ് വിലക്കിന് കാരണം. ദശാബ്ദങ്ങളായി പഞ്ചാബും ഹരിയാനയും തമ്മിലുള്ള തർക്കവിഷയമാണിത്.
രവി-ബ്യാസ് നദികളിൽനിന്നും ലഭിക്കേണ്ട ജലത്തിന്‍റെ അളവ് പുനഃപരിശോധിക്കണമെന്ന് ദീർഘനാളായി പഞ്ചാബ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സത് ലജ്-യമുന ലിങ്ക് കനാൽ പൂർത്തിയാക്കാൻ അനുവദിച്ചാലേ ജലം നൽകുകയുള്ളൂവെന്ന നിലപാടിലാണ് ഹരിയാന. നദീജല തർക്കത്തിനു പുറമെ അവിഭക്ത പഞ്ചാബിനെക്കുറിച്ചും 1984ലെ സിഖ് കലാപത്തെക്കുറിച്ചും കാർഷിക നിയമത്തെക്കുറിച്ചുമെല്ലാം വിഡിയോ ഗാനത്തിൽ പ്രതിപാദിക്കുന്നുണ്ട്.
സർക്കാറിൽനിന്നുള്ള പരാതിയെ തുടർന്ന് വിഡിയോ രാജ്യത്ത് ലഭ്യമല്ലെന്ന അറിയിപ്പാണ് എസ്.വൈ.എൽ പരതുമ്പോൾ യൂട്യൂബിൽ ലഭിക്കുന്നത്. ഇറങ്ങിയശേഷം ഇതിനോടകം 2.7 കോടിയിലധികം പേരാണ് പാട്ട് കണ്ടത്. കഴിഞ്ഞ മേയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് 27കാരനായ സിദ്ദു മൂസേവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിങ് സിദ്ദു വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ പ്രതികളെ പിന്നീട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂസേവാലക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബിലെ ആം ആദ്മി സർക്കാർ പിൻവലിച്ചതിന് തൊട്ടുപിറ്റേ ദിവസമായിരുന്നു കൊലപാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.