ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. ഗൂർഖ റൈഫിൾസിലെ ഉദ്യോഗസ്ഥർ രാവിലെ 10.45 ഓടെ രജൗരിയിലെ ഖംബ ഫോർട്ടിന് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് അബദ്ധത്തിൽ സ്‌ഫോടനം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ സൈനികരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.
നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള മുൻവശത്തെ പ്രദേശങ്ങളിൽ കുഴിബോംബുകൾ സ്ഥാപിക്കാറുണ്ട്. ഇവ ചിലപ്പോൾ മഴയിൽ ഒലിച്ചുപോകുകയും ഇത്തരം അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജനുവരി നാലിന് ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ ഒരു സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കുന്നിലേക്ക് മറിഞ്ഞതിനെ തുടർന്ന് നാല് സൈനികർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.