ജനുവരി 19 മുതൽ യു.എസിൽ   ‘ടിക് ടോക്’ ഇരുട്ടിലേക്കെന്ന് കമ്പനി

ജനുവരി 19 മുതൽ യു.എസിൽ ‘ടിക് ടോക്’ ഇരുട്ടിലേക്കെന്ന് കമ്പനി

വാഷിംങ്ടൺ: നിരോധനം പ്രാബല്യത്തിൽ വരുമ്പോൾ എൻഫോഴ്‌സ്‌മെന്റ് നടപടികൾ നേരിടേണ്ടിവരില്ലെന്ന് ജോ ബൈഡൻ ഭരണകൂടം ആപ്പിൾ, ഗൂഗ്ൾ പോലുള്ള കമ്പനികൾക്ക് ഉറപ്പ് നൽകിയില്ലെങ്കിൽ ഈ മാസം 19 മുതൽ യു.എസിൽ ‘ടിക് ടോക്’ ഇരുട്ടിൽ പതിക്കുമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്. ദേശീയ സുരക്ഷാ കാരണങ്ങളാൽ രാജ്യത്ത്  ടിക് ടോക് നിരോധിക്കുന്ന നിയമം യു.എസ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് കമ്പനിയുടെ പ്രസ്താവന.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ‘ടിക് ടോക്കി’നെ ഇലോൺ മസ്കിന് വിൽക്കുമെന്ന റി​പ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ബൈറ്റ്ഡാൻസ് വിൽക്കുന്നില്ലെങ്കിൽ ജനപ്രിയ ഹ്രസ്വ-വിഡിയോ ആപ്പ് രണ്ട് ദിവസത്തിനുള്ളിൽ ഇരുളിൽ പതിക്കും. ബൈഡന്റെ മൗനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെയും അതിന്റെ 170 ദശലക്ഷം അമേരിക്കൻ ഉപയോക്താക്കളെയും അനിശ്ചിതത്ത്വത്തിലും ആ​ശങ്കയിലും ആഴ്ത്തിരിക്കുകയാണിപ്പോൾ.

തിങ്കളാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്കു മടങ്ങിയെത്തിയാൽ ‘ടിക് ടോക്കി’നെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഡൊണാൾഡ് ട്രംപിന്റെ കൈകളിലാണ് ഇനി അതിന്റെ വിധിയെന്ന് ഉപയോക്താക്കൾ കരുതുന്നു.

എന്നാൽ, ടിക്ടോക്കിന്റെ ​പ്രസ്താവനയോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് വിസമ്മതിച്ചു. നിരോധനം പ്രാബല്യത്തിൽ വന്നതിനു ശേഷവും ടിക് ടോക്കിന് സേവനങ്ങൾ നൽകുന്നത് തുടരുകയാണെങ്കിൽ ആപ്പിൾ, ഗൂഗിളി​ന്റെ മാതൃകമ്പനിയായ ആൽഫബറ്റ്, ഒറാക്കിൾ എന്നിവക്കും മറ്റുള്ളവക്കും വൻതുക പിഴ ചുമത്തിയേക്കും.

കഴിഞ്ഞ വർഷം കോൺഗ്രസിൽ ഉഭയകക്ഷി ഭൂരിപക്ഷത്തോടെ ടിക് ടോകിനെതിരായ നിയമം പാസാക്കുകയും ബൈഡൻ ഒപ്പു​ ​വെക്കുകയും ചെയ്തിരുന്നു. എന്നാൽ, ടിക് ടോക് യുനൈറ്റഡ് സ്റ്റേറ്റ്സിൽ പ്രവർത്തിക്കണമെന്നാഗ്രഹിക്കുന്ന നിയമനിർമാതാക്കളുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.

ആവശ്യത്തിന്റെ പശ്ചാത്തലത്തിൽ അധികം വൈകാതെ ടിക് ടോകിനെക്കുറിച്ചുള്ള തന്റെ തീരുമാനം എടുക്കുമെന്നും സാഹചര്യം അവലോകനം ചെയ്യാൻ സമയം വേണമെന്നും കാത്തിരിക്കുക എന്നും സമൂഹ മാധ്യമ പോസ്റ്റിൽ ട്രംപ് പറഞ്ഞു.

തിങ്കളാഴ്ച വാഷിംങ്ടണിൽ നടക്കുന്ന ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ പദ്ധതിയിടുന്നുണ്ട്. താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വെള്ളിയാഴ്ച ഫോണിൽ ടിക് ടോക്ക് വിഷയം ചർച്ച ചെയ്തതായും ട്രംപ് പറഞ്ഞു.

വർഷങ്ങളായി ടിക് ടോകിന്റെ ചൈനീസ് ഉടമസ്ഥാവകാശം യു.എസ് നേതാക്കൾക്കിടയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ വർധിക്കുന്ന സമയത്താണ് ടിക് ടോക് പോരാട്ടം അരങ്ങേറുന്നത്.

നശീകരണം, നുഴഞ്ഞുകയറ്റം, ചാരവൃത്തി എന്നിവക്കായി ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ചൈന ടിക് ടോക് ഉപയോഗിച്ചേക്കുമെന്നാണ് നിയമ നിർമാതാക്കളും ബൈഡൻ ഭരണകൂടവും പറഞ്ഞു. യു.എസിലെ ഏറ്റവും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ടിക് ടോക്. പ്രത്യേകിച്ച് ചെറുകിട ബിസിനസ്സുകൾക്കുള്ള പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നവരിലും ഹ്രസ്വ വിഡിയോകൾക്കായി ഉപയോഗിക്കുന്ന ചെറുപ്പക്കാർക്കിടയിലും. നിരോധനത്തെ ആശങ്കയോടെയാണ് ഇവർ നോക്കിക്കാണുന്നത്.ലപദലഅ

Tags:    
News Summary - TikTok says it will go dark on January 19 in United States without assurance from Joe Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.