ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസിൽ ബിറ്റ്കോയിൻ ഇടപാടുമുണ്ടെന്ന് എൻ.സി.ബി

മുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ ബിറ്റ്കോയിൻ ഇടപാടുകളുണ്ടെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും എ ൻ.സി.ബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.

ആഡംബര കപ്പലിലെ പാർട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേരാണ് അറസ്റ്റിലായത്. ഇതിൽ ആര്യൻ ഉൾപ്പെടെ എട്ട് പേരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റു ചെയ്യപ്പെട്ട നാലുപേരെ ഇന്നലെ കോടതി ഒക്ടോബർ 14 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി പിടികൂടിയത്. ചിലരില്‍ നിന്ന് കൊക്കെയ്​ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ​ പിടികൂടിയിരുന്നു​. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

എന്നാൽ, ആര്യൻ ഖാന്‍റെ കൈയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്നാണ് എൻ.സി.ബി പിന്നീട് കോടതിയിൽ പറഞ്ഞത്. അതേസമയം, അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധം തെളിയിക്കുന്ന ചാറ്റുകൾ ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് എൻ.സി.ബി അവകാശപ്പെട്ടത്. 

Tags:    
News Summary - Some Links Related To Bitcoin Anti Drugs Agency On Cruise Ship Drug Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.