'ബംഗാളികളുടെ ന​ട്ടെല്ല്​ നിവർന്നിട്ടാണ്..ബി.ജെ.പി എന്ന കെടുതിയെ അവർ ഒന്നിച്ചുചേർന്ന്​ തടഞ്ഞു'; വിജയത്തിനു പിന്നാലെ മമത

കൊൽക്കത്ത: 'ബി.ജെ.പി എന്ന കെടുതിയെ ബംഗാളിലെ ജനത തടഞ്ഞുനിർത്തിയിരിക്കുന്നു. അവരുടെ ന​ട്ടെല്ല്​ നിവർന്നിട്ടാണ്​..' നിയമസഭാ ​െതരഞ്ഞെടുപ്പിൽ മിന്നുന്ന ജയം ​േനടിയതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷ മമത ബാനർജി പറഞ്ഞു. പണമെറിഞ്ഞും വൈരം വിതച്ചും ബംഗാളിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങളെ സൗഹാർദത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന ബംഗാളികൾ ചെറുത്തുതോൽപിച്ചതായും അവർ ചൂണ്ടിക്കാട്ടി.

'ഇനിയും ഈ നാടിനുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്​. മന്ത്രിമാരെയൊക്കെ വൈകാതെ തീരുമാനിക്കും. ബംഗാൾ സമാധാനപൂർണമായ ഒരു സംസഥാനമാണെന്നതാണ്​ എല്ലാ സഹോദരങ്ങളോടും എനിക്ക്​ പറയാനുള്ളത്​. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയുമൊക്കെയുമുണ്ടാകും. സത്യത്തിന്‍റെ പാതയിൽ നമ്മൾ മുന്നോട്ടുപോകും.

എല്ലാവരും സമാധാനപൂർവം മുന്നോട്ടുപോകണമെന്ന്​ ഞാൻ അഭ്യർഥിക്കുന്നു. അക്രമങ്ങളിൽനിന്ന്​ വിട്ടുനിൽക്കണം. കോവിഡിനെതിരായ പോരാട്ടത്തിൽ നമുക്കൊരുമിച്ച്​ നിൽക്കാം. നമ്മ​െളല്ലാവരും കോവിഡ്​ പോരാളികളാണ്​. ഒരുപാടുപേർ മരണത്തിന്​ കീഴങ്ങി. കോവിഡിനെ ചെറുക്കാനാണ് ഇപ്പോൾ​ നമ്മുടെ പ്രധാനശ്രമം ' -മാധ്യമപ്രവർത്തകരോട്​ മമത പറഞ്ഞു.

'ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എന്തൊക്കെ അതിക്രമങ്ങൾ ചെയ്​തു? സി.ആർ.പി.എഫ്​ എന്തൊക്കെ ചെയ്​തു? ഇലക്​ഷൻ കമീഷൻ എന്തൊക്കെയാണ്​ ചെയ്​തുകൂട്ടിയത്​? അപ്പോഴൊക്കെ ഞാൻ എല്ലാവരോടും പറഞ്ഞത്​ ശാന്തരായിരിക്കാനാണ്​. മെയ്​ ഒമ്പതിന്​ വിശ്വകവി രവീന്ദ്രനാഥ്​ ടാഗോറിന്‍റെ ജന്മദിനമാണ്​. അതാഘോഷിക്കാൻ ഒരുങ്ങിയിരിക്കാനാണ്​ ഞാൻ പറഞ്ഞത്​. ഇപ്പോൾ വലിയ ആഘോഷമായല്ല നമ്മൾ വിജയാഹ്ലാദം നടത്തുക. കോവിഡിന്‍റെ ഭീഷണിയൊക്കെ കഴിഞ്ഞാൽ ബ്രിഗേഡ്​ ഗ്രൗണ്ടിൽ നമ്മൾ വലുതായിത്തന്നെ ആഘോഷിക്കും.

അരവിന്ദ്​ കെജ്​രിവാൾ എന്നെ വിളിച്ചിരുന്നു. രജനീകാന്ത്​ ഫോണിൽ ഞാനുമായി സംസാരിച്ചിരുന്നു. അഖിലേഷ്​ യാദവും ഹൂഡയും അമരീന്ദർ സിങ്ങുമൊക്കെ വിളിച്ചു. അതുപോലെ പലരും. അവരോടൊക്കെ ഞാൻ പറഞ്ഞത്​ നമ്മൾക്ക്​ ഒന്നിച്ചുനീങ്ങണമെന്നാണ്​.

'ബംഗാളി​ന്‍റെ ന​ട്ടെല്ല്​ നിവർന്നതാണ്​. ദുരന്തത്തിലേക്കുള്ള വഴി ഈ നാട്​ ഒന്നിച്ചുചേർന്നാണ്​ അടച്ചത്​. വിവിധ മതങ്ങളും വിശ്വാസങ്ങളുമൊക്കെ അതിനായി ഒന്നിച്ചുനിന്നു. പുതുതലമുറയും സൗഹാർദപൂർണമായി ചിന്തിക്കുന്ന ജനങ്ങളും നമ്മുടെ സമൂഹത്തിന്‍റെ കരുത്തും വൈവിധ്യവുമൊക്കെയാണ്​ ബംഗാളിൽ ബി.ജെ.പിയെ തടുത്തുനിർത്തിയത്​.

ബി.ജെ.പി ഇവിടുത്തെ ചക്രവർത്തിമാരൊന്നുമല്ല. അവരെ തടയാൻ നമുക്ക്​ കഴിയും. എല്ലാം ഒറ്റക്ക്​ ചെയ്യാൻ കഴിയില്ലെന്നേയുള്ളൂ. കൂട്ടായ ശ്രമമാണ്​ അതിന്​ വേണ്ടത്​. വിവിധ രാഷ്​ട്രീയ കക്ഷികളുടെ കൂട്ടായ്​മയിൽ അതിന്​ തീരുമാനമെടുക്കണം. പലരും അതിനായി ബന്ധപ്പെടുന്നുണ്ട്​. 2024ൽ അവർ ഭരണത്തിലേറാതിരിക്കാൻ ​ഒന്നിച്ച്​ പോരാടാമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കോവിഡിന്‍റെ ഭീഷണി കുറയു​േമ്പാൾ വിവിധ പാർട്ടികളുമായി ചേർന്ന്​ അതാലോചിക്കും. ഇപ്പോൾ കോവിഡിനെതിരായ പോരാട്ടത്തിനാണ്​ മുൻഗണനയെന്ന്​ മമത വ്യക്​തമാക്കി.  

Tags:    
News Summary - “Spine Is Straight”: Mamata Banerjee On Bengal Voters After Poll Victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.