ന്യൂഡൽഹി: തർക്കത്തിലുള്ള ആറ് പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താനായി ഏറ്റെടുത്തുകൊടുക്കാൻ സർക്കാറിന് നിർദേശം നൽകി കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. കീഴ്കോടതി തുടക്കമിട്ട ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി റദ്ദാക്കി.
സഭാ തർക്കത്തിലെ കോടതി വിധികൾ നടപ്പാക്കാൻ സർക്കാറിനോട് ഉത്തരവിടുന്നതിന് പകരം അവ നടപ്പാക്കാനുള്ള പ്രായോഗിക വഴികൾ ഹൈകോടതി സ്വന്തം നിലക്ക് കണ്ടെത്തണമെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ. സിങ് എന്നിവർ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു. ഈ കേസിൽ രണ്ടാമത് വാദം കേട്ട് വീണ്ടും തീർപ്പാക്കാനായി ഹൈകോടതിയിലേക്ക് തിരിച്ചയക്കുകയുംചെയ്തു. തർക്കത്തിലുള്ള ആറ് പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് കൈമാറാൻ സംസ്ഥാന സർക്കാറിനോട് ഉത്തരവിട്ട ഹൈകോടതി, ഉത്തരവ് നടപ്പാക്കാത്തതിന് 20ഓളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയും തുടങ്ങിയിരുന്നു.
ഇത് ചോദ്യംചെയ്ത് മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് തുടങ്ങിയവർ നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. 1934ലെ സഭാ ഭരണഘടനപ്രകാരം പള്ളിഭരണം നടത്തണമെന്ന 2017ലെ സുപ്രീംകോടതി വിധിയും അതിനെ തുടർന്നുണ്ടായ ഹൈകോടതി വിധികളും നടപ്പാക്കാൻ സർക്കാറിന് നിർദേശം നൽകുന്നതിന് പകരം സ്വന്തം നിലക്ക് വിധി എങ്ങനെ നടപ്പാക്കാമെന്നാണ് ഹൈകോടതി പരിശോധിക്കേണ്ടതെന്ന് ബെഞ്ച് വ്യക്തമാക്കി.
പള്ളിഭരണം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാറിന് നിർദേശം നൽകാൻ കോടതിക്ക് സാധിക്കുമോയെന്നും മതവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഇത്തരത്തിലുള്ള ഹൈകോടതി നിർദേശങ്ങൾ പൊതുതാൽപര്യത്തിന് അനുയോജ്യമാണോ എന്നും സുപ്രീംകോടതി ചോദിച്ചു. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ പള്ളികളുടെയും വിശ്വാസികളുടെയും എണ്ണം ഉൾപ്പെടെ സുപ്രീംകോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ വ്യാഴാഴ്ച കോടതിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇപ്പോൾ അത് വിശദമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.