സാമ്പത്തിക സംവരണത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ന്യൂഡൽഹി: സാമ്പത്തിക സംവരണ കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവൃത്തിദിനം കൂടിയാണ് തിങ്കളാഴ്ച. 

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിലാണ് വിധി പ്രഖ്യാപിക്കാനിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികൾ വിധി പറയാൻ മാറ്റിയത്.

കോടതി പരിശോധിച്ചത് പ്രധാന മൂന്ന് ചോദ്യങ്ങൾ

ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനക്കായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഹരജികളിലുന്നയിക്കുന്ന നാല് ചോദ്യങ്ങളാണ് ഡ്രാഫ്റ്റ് ചെയ്തത്. ഇതിൽ മൂന്ന് ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്.

1. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംവരണം ഉൾപ്പെടെയുള്ള പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചുകൊണ്ടുള്ള 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതായി പറയാമോ.

2. സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തെ അനുവദിക്കുക വഴി ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ.

3. എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ)/ ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) / പട്ടികജാതി-പട്ടികവർഗങ്ങൾ എന്നിവയെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടനാപരമായി ശരിയാണോ. 

Tags:    
News Summary - Supreme Court will pronounce judgment on the petitions challenging the economic reservation on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.