സുശാന്ത് കേസ്: വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന്റെ വിവിധ വശങ്ങള്‍ അന്വേഷിക്കുന്ന സി.ബി.ഐ, എന്‍.സി.ബി, ഇ.ഡി എന്നീ ഏജന്‍സികളൊന്നും ഒരു ഘട്ടത്തിലും ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍. നടന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണ നടക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കവെ ബോംബെ ഹൈകോടതിയെ ആണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ച് ഒരുകൂട്ടം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് ഹരജി നല്‍കിയത്. അന്വേഷണ ഏജന്‍സികള്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോ എന്ന് ഹരജിക്കാര്‍ ചോദിച്ചിരുന്നു. തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് അന്വേഷണ ഏജന്‍സികള്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പണ്ട് മാധ്യമങ്ങള്‍ നിഷ്പക്ഷത പുലര്‍ത്തിയിരുന്നെന്നും ഇപ്പോള്‍ വളരെ ധ്രുവീകരിക്കപ്പെട്ടുവെന്നും ഹരജി പരിഗണിക്കുന്ന ഹൈകോടതി ബെഞ്ച് നിരീക്ഷിച്ചു. വാദം കേള്‍ക്കല്‍ അടുത്താഴ്ചയും തുടരും.

സുശാന്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സി.ബി.ഐയും, മയക്കുമരുന്ന് ബന്ധം എന്‍.സി.ബിയും, നടി റിയ ചക്രബര്‍ത്തിക്കെതിരായ കള്ളപ്പണ കേസ് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.