Image from Facebook

സുവേന്ദുവിനും മുകുൾ റോയിക്കും പണം നൽകിയിരുന്നു; ബി.ജെ.പി നേതാക്കളുടെ പേര് ഇപ്പോൾ പട്ടികയിൽ ഇല്ല -മാത്യു സാമുവേൽ

ന്യൂഡൽഹി: നാരദ ന്യൂസ് ഒളിക്യാമറ ഓപ്പറേഷനിൽ മുൻ തൃണമൂൽ നേതാവും നിലവിലെ ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരി തന്‍റെ കൈയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നെന്ന് മാധ്യമപ്രവർത്തകൻ മാത്യു സാമുവേൽ. അന്ന് സുവേന്ദു ടി.എം.സിയിൽ ആയിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പി നേതാവായി. ഇന്ന് അറസ്റ്റ് ചെയ്തവരുടെ പട്ടികയിൽ സുവേന്ദു അധികാരിയുടെ പേരില്ല -മാത്യു സാമുവേൽ പറഞ്ഞു. നാരദ ന്യൂസിന് വേണ്ടി മാത്യു സാമുവേലാണ് 2014ൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. കേസിലുൾപ്പെട്ട തൃണമൂൽ മന്ത്രിമാരായ ഫർഹദ്​ ഹകീം, സുബ്രത മുഖർജി എന്നിവരെ സി.ബി.ഐ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.


''സുവേന്ദു അധികാരി എന്‍റെ കൈയ്യിൽ നിന്നാണ് അഞ്ച് ലക്ഷം രൂപ വാങ്ങുന്നത്. ഞാൻ അത് റെക്കോർഡ് ചെയ്ത് സി.ബി.ഐയെ ഏൽപ്പിക്കുന്നു. അന്ന് സുവേന്ദു തൃണമൂൽ കോൺഗ്രസിൽ ആയിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പി നേതാവായി. അദ്ദേഹത്തിന്‍റെ പേര് അറസ്റ്റിലായവരുടെ ലിസ്റ്റിൽ കാണുന്നില്ല.

എന്തായാലും എനിക്ക് ഇന്ന് സന്തോഷമുള്ള ദിവസമാണ്. വളരെ നാൾ കാത്തിരുന്നു. അവസാനം നീതി കിട്ടുന്നു! എന്നെ എത്രയോ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. വളരെയധികം അന്വേഷണങ്ങൾ ഞാൻ നേരിട്ടു. എന്‍റെ ഓഫിസ് റെയ്ഡ് ചെയ്തു. അതോടെ നാരദ നിന്നുപോയി. അവസാനം നമ്മുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നു'' -മാത്യു സാമുവേൽ പറഞ്ഞു.

തൃണമൂലിന്‍റെ മുൻ കേന്ദ്ര മന്ത്രിയും നിലവിൽ ബി.ജെ.പി നേതാവുമായ മുകുൾ റോയ് 15 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന് മാത്യു സാമുവേൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പണം നേരിട്ടു വാങ്ങാൻ മുകുൾ റോയ് തയാറായിരുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥനായ അഹമ്മദ് മിർസക്ക് നൽകാനാണ് ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ മുകുൾ റോയിക്ക് വേണ്ടി മിർസക്ക് കൈമാറി -അദ്ദേഹം പറഞ്ഞു. നാരദ കേസിൽ മിർസയെ 2019ൽ അറസ്റ്റ് ചെയ്തിരുന്നു.

സുവേന്ദു അധികാരിയുടെയും മുകുൾ റോയിയുടെയും പേരുകൾ കുറ്റപത്രത്തിൽ ഇല്ല എന്നത് നിഗൂഢമാണ്. ഒരേ തെളിവുകളുടെ അടിസ്ഥാനത്തിൽ ചിലരെ അറസ്റ്റ് ചെയ്യുന്നതും ചിലരെ അറസ്റ്റ് ചെയ്യാത്തതും ഞെട്ടിക്കുന്നതാണെന്നും മാത്യു സാമുവേൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് നാരദ കൈക്കൂലി ഒളിക്യാമറ കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടെ നാല് തൃണമൂൽ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. 2014ലാണ് നാരദ ന്യൂസ് പോർട്ടലിന് വേണ്ടി മാത്യു സാമുവേൽ ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. ബംഗാളിൽ നിക്ഷേപം നടത്താനെത്തിയ കമ്പനിയുടെ പ്രതിനിധികളായി ചമഞ്ഞ മാധ്യമപ്രവർത്തകനിൽ നിന്ന് തൃണമൂൽ നേതാക്കൾ കൈക്കൂലി വാങ്ങുകയായിരുന്നു. 12 തൃണമൂൽ മന്ത്രിമാരും നേതാക്കളും ഒരു ഐ.പി.‌എസ് ഉദ്യോഗസ്ഥനും കേസിലുൾപ്പെടും. 2017ൽ കൊൽക്കത്ത ഹൈക്കോടതിയാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Tags:    
News Summary - Suvendhu Adhikari Took Rs 5 Lakh Bribe From Me -mathew samuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.