ചെന്നൈ: തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികളിൽ നിന്ന് വാഗ്ദാന പെരുമഴ പതിവാണ്. എന്നാൽ, വാഗ്ദാനങ്ങളിലൂടെ എല്ലാവരെയും ഞെട്ടിക്കുകയാണ് തമിഴ്നാട്ടിലെ സ്വതന്ത്ര സ്ഥാനാർഥിയായ തുലം ശരവണൻ. നിസ്സാര വാഗ്ദാനങ്ങളൊന്നുമല്ല മധുര സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന ശരവണൻ മുന്നോട്ടുവെക്കുന്നത്. എല്ലാ വീടുകളിലും മിനി ഹെലികോപ്ടർ, പ്രതിവർഷ നിക്ഷേപമായി ഒരുകോടി രൂപ, വിവാഹത്തിന് സ്വർണാഭരണം, നിർധനർക്ക് മൂന്നുനില വീട് എന്നിങ്ങനെ നീളുന്നു ശരവണന്‍റെ വാഗ്ദാനങ്ങൾ.
'ഇതൊക്കെ ചെറുത്' എന്ന് തോന്നും ഇനിയുള്ള വാഗ്ദാനങ്ങൾ കേട്ടാൽ. ചന്ദ്രനിലേക്കുള്ള യാത്രയാണ് വാഗ്ദാനങ്ങളിലെ 'സൂപ്പർ സ്റ്റാർ'. വീട്ടമ്മമാരെ ജോലികളിൽ സഹായിക്കാൻ റോബോട്ട്, എല്ലാ കുടുംബങ്ങൾക്കും ബോട്ട്, അവയോടിക്കാൻ കനാലുകൾ, മണ്ഡലത്തിൽ ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് പാഡ്, മണ്ഡലത്തിലെ ചൂട് കുറക്കാൻ 300 അടി ഉയരമുള്ള കൃത്രിമ മഞ്ഞുമല എന്നിവയൊക്കെയും ശരവണന്‍റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വോട്ടർമാരെ മോഹന വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രീയക്കാരെ ട്രോളുന്നതിന് വേണ്ടിയാണ് പത്രപ്രവർത്തകനായ ശരവണൻ വിചിത്ര വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. 'രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് എന്‍റെ ലക്ഷ്യം. സാധാരണക്കാരും നല്ലവരുമായ സ്ഥാനാർഥികളെ ജയിപ്പിക്കാന്‍ വോട്ടർമാരെ പ്രേരിപ്പിക്കാനാണ് ശ്രമം' -ശരവണൻ പറയുന്നു.
33കാരനായ ശരവണനടക്കം 14 സ്ഥാനാർഥികളാണ് മണ്ഡലത്തിലുള്ളത്. നിർധന കുടുംബത്തിലെ അംഗമായ ശരവണൻ അവിവാഹിതനാണ്. 20,000 രൂപ പലിശക്ക് കടം വാങ്ങിയാണ് താൻ കെട്ടിവെക്കാനുള്ള കാശ് സംഘടിപ്പിച്ചതെന്നും ശരവണൻ പറയുന്നു.
'ജനങ്ങളുടെ ക്ഷേമമല്ല പല രാഷ്ട്രീയ നേതാക്കളുടെയും ലക്ഷ്യം. അവർ രാഷ്ട്രീയത്തെ പണം സമ്പാദിക്കാനുള്ള മാർഗമായി മാത്രമാണ് കാണുന്നത്. അധികാരത്തിലിരിക്കുേമ്പാൾ തൊഴിലവസരം സൃഷ്ടിക്കാനോ കൃഷിയെ പരിപോഷിപ്പിക്കാനോ ഒന്നും അവർ ശ്രമിക്കാറില്ല. എന്നിട്ട് തെരഞ്ഞെടുപ്പ് വരുേമ്പാൾ പണമെറിഞ്ഞ് വോട്ടർമാരെ സ്വാധീനിക്കാനും ശ്രമിക്കും' -ശരവണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.