സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീർ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി
മധുര (തമിഴ്നാട്): കശ്മീർ ജനതയുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ജനാധിപത്യ അവകാശങ്ങൾ തിരിച്ചുപിടിക്കാൻ കശ്മീരിന്റെ കരങ്ങൾക്ക് മലയാളികൾ ഉൾപ്പെടെ മുഴുവൻ ഭാരതീയരുടെയും പിന്തുണ ഉണ്ടാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കശ്മീർ നിയമസഭാ അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി. മധുരയിൽ പുരോഗമിക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- കശ്മീർ ശാന്തമായെന്നും എല്ലാം ശുഭം എന്നുമുള്ള കേന്ദ്രസർക്കാർ അവകാശവാദം പൊള്ളയാണ്. ജനം വലിയതോതിൽ നിരാശരാണ്. അവർ കൂടുതൽ അന്യവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഞങ്ങൾ ഭീകരമായ അടിച്ചമർത്തലിന്റെ പിടിയിലാണ്. പൗരാവകാശ നിഷേധം മുമ്പത്തേക്കാൾ രൂക്ഷമാണ്.
മാധ്യമനിയന്ത്രണം നിലനിൽക്കുന്നതിനാൽ വിവരങ്ങൾ പുറംലോകത്ത് എത്തുന്നില്ല. ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടതിന്റെ ചരിത്രം മുമ്പ് കേട്ടിട്ടുണ്ടോ? ഇല്ല. 2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിൽ അത് സംഭവിച്ചു. അത് ഒറ്റപ്പെട്ടതാകില്ലെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്. നാളെ കേരളത്തിൽ അല്ലെങ്കിൽ തമിഴ്നാട്ടിൽ അത് ആവർത്തിച്ചേക്കാം.
- രാജ്യത്തെയാകെ തങ്ങളുടെ പരിധിയിൽ നിർത്താനാണ് ഹിന്ദുത്വ സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ അമിതാധികാരപ്രയോഗം കേരളവും തമിഴ്നാടും ബംഗാളും നേരിടേണ്ടിവരുമെന്ന് ഉറപ്പ്. ഫെഡറൽ സംവിധാനം സംരക്ഷിക്കാൻ ഈ സംസ്ഥാനങ്ങൾ പോരാട്ടത്തിന്റെ പാതയിലാണ്. ഇതൊക്കെ വ്യക്തമായ സൂചനകളാണ്.
- രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഞങ്ങൾ കശ്മീരികൾ ഇന്ത്യൻ യൂനിയന്റെ ഭാഗമായി മാറിയത് എന്തെങ്കിലും സമ്മർദത്തെ തുടർന്നല്ല. കശ്മീരിന്റെ ഭരണാധികാരി ഹിന്ദു വിശ്വാസിയായ മഹാരാജാ ഹരി സിങ് കശ്മീർ പാകിസ്താന് ഒപ്പം ചേരണമെന്ന് ആഗ്രഹിച്ചു. എന്നാൽ, മുസ്ലിംകൾ ഭൂരിപക്ഷമുള്ള കശ്മീർ ജനത തീരുമാനിച്ചത് ഇന്ത്യൻ യൂനിയനൊപ്പം നിൽക്കാനാണ്. ഇന്ത്യയുടെ മതേതര സങ്കൽപത്തോടുള്ള കശ്മീർ ജനതയുടെ വിശ്വാസമാണത്. അതാണ് മോദിയും അമിത് ഷായും സർക്കാറും തച്ചുടച്ചത്.
- കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുതിയ കാര്യമല്ല. പുറത്തുനിന്നുള്ളവർക്ക് അവിടെ ഭൂമി വാങ്ങുന്നതിനും മറ്റും മഹാരാജാവിന്റെ കാലത്ത് മുതൽതന്നെ വിലക്കുണ്ട്. ഇന്ത്യയിൽ മറ്റു ചില സംസ്ഥാനങ്ങൾക്ക് കശ്മീരിന് ഉണ്ടായിരുന്നതിന് സമാനമായ പ്രത്യേക അവകാശങ്ങളുണ്ട്. അവയെല്ലാം നിലനിൽക്കുമ്പോഴാണ് പ്രത്യേക അവകാശങ്ങൾ എടുത്തുമാറ്റി കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി താഴ്ത്തിക്കെട്ടിയത്. കശ്മീരിന് എതിരായ നീക്കം സംഘ്പരിവാറിന്റെ വർഗീയ അജണ്ടകളുടെ ഭാഗമാണ്.
- കശ്മീരി പണ്ഡിറ്റുകളുടെ ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്ന സംഘ്പരിവാർ പക്ഷേ അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. 2014ൽ അധികാരത്തിൽ വന്നശേഷം പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് വേണ്ടി കശ്മീരിൽ ഒരു വീടെങ്കിലും പണിതുവെന്ന് നരേന്ദ്ര മോദിക്ക് അവകാശപ്പെടാനാകുമോ? ഇല്ല. കശ്മീരികളുടെ ദുരിതം മാർക്കറ്റിങ് നടത്തി അതിൽനിന്ന് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ മാർക്കറ്റിങ് സ്ട്രാറ്റജി നല്ലപോലെ നടപ്പാക്കുന്നവരാണ് മോദിയും കൂട്ടരും. കശ്മീരിൽനിന്ന് വീടുവിട്ട് പോകേണ്ടിവന്നവരിൽ ഒരാളാണ് ഞാൻ. പലായനത്തിന്റെ ദുരിതം നല്ലപോലെ അറിയാം. പണ്ഡിറ്റുകളുടെ കാര്യത്തിൽ രാഷ്ട്രീയ ദുഷ്ടലാക്ക് ഒഴിവാക്കിയുള്ള പരിഹാര നടപടികളാണ് ആവശ്യമായിട്ടുള്ളത്.
- സംസ്ഥാന പദവിതന്നെ ഇല്ലാതാക്കിയ തീരുമാനം അടിച്ചേൽപിച്ചതിനുശേഷവും തെരഞ്ഞെടുപ്പിൽ വർധിച്ച ജനപങ്കാളിത്തമുണ്ടായി. ഇത് ശുഭകരമായ കാര്യമാണ്. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ കശ്മീരി ജനതയുടെ വിശ്വാസമാണ് അത് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലവും സുപ്രധാനമാണ്. താഴ്വരയിൽ എല്ലാം ഭദ്രമാക്കിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ കശ്മീരി ജനത പൂർണമായി നിരാകരിക്കുകയാണ് ചെയ്തത്.
- സർക്കാറിന്റെയും നിയമസഭയുടെയും നില പരിതാപകരമാണ്. അധികാരങ്ങളെല്ലാം ലെഫ്റ്റനന്റ് ഗവർണർക്കാണ്. എന്തു നിയമം ചർച്ച ചെയ്യണം, പാസാക്കണം, എങ്ങനെ നടപ്പാക്കും എന്ന് അറിയാത്ത സാഹചര്യത്തിലാണ് ഞങ്ങൾ സാമാജികർ. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള അധികാരങ്ങൾപോലും ഗവർണർക്കാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനോട് ഒരു ചർച്ചയും നടത്താതെയാണ് ഗവർണർ തീരുമാനങ്ങൾ എടുക്കുന്നത്.
ഒരു സംസ്ഥാനത്തെ നിയമസഭയെ നോക്കുകുത്തിയാക്കി ഗവർണർ വഴി കേന്ദ്രം അധികാരം കൈയാളുന്നത് ജനാധിപത്യത്തിന്റെ കശാപ്പാണ്. ഇത് ഭരണഘടനയുടെ അട്ടിമറിയാണ്. ആ നിലക്കുള്ള പ്രതികരണം പൊതുവിൽ രാജ്യത്ത് ഉണ്ടാകുന്നില്ല എന്നതിൽ നിരാശയുണ്ട്.
- ഞങ്ങൾ കശ്മീരികളെ ചേർത്തുനിർത്തണം. ഞങ്ങളുടെ പോരാട്ടത്തെ പിന്തുണക്കണം. കശ്മീരിനെ ഭൂമിശാസ്ത്രപരമായി രാജ്യത്തിനൊപ്പം ചേർത്തുനിർത്താൻ നമ്മുടെ സായുധ സൈന്യ വിഭാഗത്തിന് സാധിക്കും. എന്നാൽ, കശ്മീരിയുടെ മനസ്സാണ് ഇന്ത്യയുമായി കൂട്ടിച്ചേർക്കേണ്ടത്. ഞങ്ങൾ കശ്മീരികൾ ഇന്ത്യക്കാരായി നിലകൊള്ളാൻ അതിയായി ആഗ്രഹിക്കുന്നവരാണ്. അതിന് ഞങ്ങളെ അനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.