കേന്ദ്രം ഇന്ധനനികുതി കൂട്ടിയത് 12ൽ കൂടുതൽ തവണ

തിരുവനന്തപുരം: എൻ.ഡി.എ സർക്കാർ 2014ൽ അധികാരത്തിൽ വന്നതിനു ശേഷം ഇന്ധനനികുതി വർധിപ്പിച്ചത് 12ൽ ഏറെ പ്രാവശ്യം. എൻ.ഡി.എ സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്രനികുതി.

എന്നാൽ, കഴിഞ്ഞ ദിവസത്തെ ഇളവിനു ശേഷവും പെട്രോള്‍ നികുതി 2014നേക്കാൾ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും കൂടുതലാണ് എന്നത് ഇക്കാലയളവിലുണ്ടായ വർധനകളുടെ തീവ്രത അടിവരയിടുന്നു. 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തത്. 2020 മാർച്ച്, മേയ് കാലയളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ യഥാർഥത്തിൽ ഈ വർധനയാണ് കുറവ് ചെയ്തത്.2018 ഒക്ടോബറിൽ ക്രൂഡ് വില 80.08 ഡോളറായിരുന്ന സമയത്ത് പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി 17.98 രൂപയായിരുന്നു.

2020 മാർച്ച് ആയപ്പോഴേക്കും ക്രൂഡ് വില 33.36 ഡോളറായി കുറഞ്ഞു. ഈ സമയത്ത് നികുതി മാറ്റമില്ലാതെ നിലനിർത്തുകയോ കുറക്കുകയോ ചെയ്യേണ്ടിയിരുന്ന കേന്ദ്രസർക്കാർ കേന്ദ്ര ഡ്യൂട്ടിയും സെസും 22.98 രൂപയായി വർധിപ്പിക്കുകയാണ് ചെയ്തത്. 2020 മെയിൽ ക്രൂഡ് വില വീണ്ടും 30.61 ഡോളറായി കുറഞ്ഞു. അപ്പോഴാണ് സർവകാല റെക്കോഡിലേക്ക് കേന്ദ്രം നികുതി ഉയർത്തി ഒറ്റയടിക്ക് 32.98 രൂപയാക്കിയത്.

ലഭിക്കുക ആനുപാതിക ഇളവ്

ന്യൂഡൽഹി: കേന്ദ്രം എക്സൈസ് തീരുവ കുറച്ചപ്പോൾ കേരളം സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രത്യേകമായ ഇളവ് എന്തെങ്കിലും നൽകിയോ? ഉത്തരം: കേരളം കുറച്ചു; പക്ഷേ കുറച്ചില്ല.

കേന്ദ്രം എക്സൈസ് തീരുവ കുറക്കുമ്പോൾ ആനുപാതികമായ കുറവ് സംസ്ഥാനത്ത് ഈടാക്കുന്ന നികുതികളിലും വരും.

എന്നാൽ അത് സംസ്ഥാനത്തെ ജനങ്ങളിലേക്ക് കൈമാറി കൊടുക്കുകയോ, കൊടുക്കാതിരിക്കുകയോ ചെയ്യാം. കേരളം ഇക്കുറി അങ്ങനെ കൈമാറി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിനു തൊട്ടുമുമ്പ് നവംബറിൽ കേന്ദ്രം എക്സൈസ് തീരുവ കുറച്ചപ്പോൾ, അതിനൊത്ത ഇളവ് നൽകാൻ കേരള സർക്കാർ തയാറായിരുന്നില്ല.

രണ്ടും തമ്മിലെ വ്യത്യാസം ഇതാണ്: ആനുപാതിക നികുതി ഇളവ് കൊടുക്കാതിരിക്കാം. അങ്ങനെ ചെയ്യുമ്പോൾ ഇന്ധന നികുതി ഇനത്തിൽ സംസ്ഥാനത്തിന് കിട്ടുന്ന വരുമാനത്തിൽ അതിനൊത്ത വർധന വരും. അത് നവംബറിൽ സംഭവിച്ചു. ആനുപാതിക ഇളവ് കൊടുത്താൽ, സംസ്ഥാനത്തിന് അധിക വരുമാനം കിട്ടില്ല. അത് ഇത്തവണ സംഭവിച്ചു.

അതേസമയം, ഈ ഇളവ് നൽകാൻ പേരിൽ സംസ്ഥാന ഖജനാവിൽ നിന്ന് പണം നഷ്ടപ്പെടുത്തേണ്ടി വരുന്നില്ല. ആനുപാതിക ഇളവ് രണ്ടു തവണയും കൊടുക്കാൻ തയാറായില്ലെങ്കിൽ ഉണ്ടാകാവുന്ന കനത്ത പ്രതിഷേധം മുൻകൂട്ടി കണ്ടു കൂടിയാണ് കേരള സർക്കാർ നടപടി.

Tags:    
News Summary - The Center has increased the fuel tax more than 12 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.