ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. സമരം 50 ദിവസം പിന്നിടുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് ദല്ലേവാളിന്റെ രക്തസമ്മർദം കുറയുകയും ഛർദിക്കുകയും ചെയ്തിരുന്നു.
ആരോഗ്യനില വഷളാവുകയാണെന്നും ഏത് നിമിഷവും എന്തും സംഭവിക്കാമെന്നുമാണ് വൈദ്യസംഘവും നൽകുന്ന മുന്നറിയിപ്പ്. ദല്ലേവാളിന് ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കർഷക ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
മിനിമം താങ്ങുവില ഉൾപ്പെടെ വിഷയങ്ങളിൽ സുപ്രീംകോടതി വാദം കേൾക്കും. ഡിസംബർ 20ന് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാത്തതിന് പഞ്ചാബ് സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയും കോടതി പരിഗണിക്കും.
വിളകളുടെ മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബർ 26 മുതലാണ് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) കൺവീനറായ ദല്ലേവാൾ പഞ്ചാബിനും ഹരിയാനക്കും ഇടയിലുള്ള ഖനൗരി അതിർത്തിയിൽ നിരാഹാര സമരം ആരംഭിച്ചത്. അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് നവാബ് സിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ദല്ലേവാൾ സമ്മതിച്ചിരുന്നു. കർഷക വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ചർച്ചക്ക് തയാറാകാതെ നിരാഹാരത്തിൽനിന്ന് പിന്മാറില്ലെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.