ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമായ വിശാല സഖ്യ സാധ്യതക്ക് കളമൊരുക്കി ബംഗളൂരുവിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിച്ചു. പട്നയിൽ കഴിഞ്ഞമാസം നടന്ന ആദ്യ യോഗത്തിന്റെ തുടർച്ചയായാണ് ബംഗളൂരുവിലെ യോഗം. തിങ്കളാഴ്ച അനൗപചാരിക കൂടിക്കാഴ്ചക്ക് ശേഷം വൈകീട്ട് നഗരത്തിലെ ഹോട്ടലിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴവിരുന്നിൽ നേതാക്കൾ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മുതൽ നിർണായക യോഗം ചേരും. വൈകീട്ട് നാലു വരെ നീളുന്ന യോഗത്തിൽ പ്രതിപക്ഷ സഖ്യം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.
‘ഐക്യത്തോടെ ഞങ്ങൾ നിലകൊള്ളുന്നു’ എന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം.2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താൻ പൊതു മിനിമം പരിപാടിക്ക് അന്തിമ രൂപം നൽകുക, സഖ്യത്തിന് കോഓഡിനേഷൻ കമ്മിറ്റി ചെയർമാനെ നിശ്ചയിക്കുക, അതത് സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ഫോർമുല രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. പട്നയിൽ നടന്ന ആദ്യ യോഗത്തിൽനിന്ന് വ്യത്യസ്തമായി കൂടുതൽ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 26 പ്രതിപക്ഷ പാർട്ടികളുടെ 49 നേതാക്കൾ ചൊവ്വാഴ്ച യോഗത്തിൽ സംബന്ധിക്കും.
മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ (തമിഴ്നാട്), അരവിന്ദ് കെജ്രിവാൾ (ഡൽഹി), നിതീഷ് കുമാർ (ബിഹാർ), ഹേമന്ത് സോറൻ (ഝാർഖണ്ഡ്), ഭഗവന്ത് മൻ (പഞ്ചാബ്), മമത ബാനർജി (പശ്ചിമ ബംഗാൾ) എന്നിവർ ബംഗളൂരുവിലെത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, ഡി. രാജ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും എത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റു മന്ത്രിമാർ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ നേതാക്കൾക്ക് ഊഷ്മള സ്വീകരണം നൽകി.
മഹാരാഷ്ട്രയിൽ എൻ.സി.പിയിലെ ഉൾപ്പോര് മുറുകുന്നതിനാൽ ശരദ് പവാറും മകൾ സുപ്രിയയും ചൊവ്വാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജെ.ഡി-എസ്, ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ബി.ആർ.എസ്, എ.ഐ.എം.ഐ.എം, ബി.എസ്.പി തുടങ്ങിയ പ്രതിപക്ഷ സംഘടനകൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കും. ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലും ഡൽഹിയിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിലും ജെ.ഡി-എസിന് ക്ഷണം ലഭിച്ചിട്ടില്ല.
എൻ.ഡി.എയിൽ ചേരുന്നത് സംബന്ധിച്ച് ജെ.ഡി-എസിൽ അന്തിമ തീരുമാനമാവാത്തതാണ് കാരണം. അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യം പ്രതിപക്ഷ സമ്മേളനത്തിന് എത്തിയ സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളി. ഇടതുപക്ഷവും കോൺഗ്രസും ചേർന്ന മതേതര പാർട്ടികൾ ബി.ജെ.പിയെയും തൃണമൂലിനെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പ് കുറയ്ക്കാനാണ് ശ്രമമെന്നും ഒരുമിച്ച് പോരാടാനുള്ള പദ്ധതി തയ്യാറാക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.