ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾക്കും പാർട്ടികൾക്കും നേരെ അന്വേഷണ ഏജൻസികളെ മോദിസർക്കാർ ദുരുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര പോരിന് പുതിയ മാനം. നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി പ്രകടമാക്കിയ ഇന്ത്യയുടെ നടപടി അമേരിക്ക വകവെച്ചില്ല. അതേസമയം, നിലപാട് ആവർത്തിച്ച് ഇന്ത്യ.
ഡൽഹിയിലെ യു.എസ് എംബസി ഉപമേധാവി ഗ്ലോറിയ ബർബേനയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ നിലപാട് കൂടുതൽ ശക്തമായി പ്രകടിപ്പിക്കുകയാണ് അമേരിക്ക ചെയ്തത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്തതിനെതിരെയായിരുന്നു ആദ്യ പരാമർശം. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുകൂടി എടുത്തുപറഞ്ഞാണ് രണ്ടാമത്തെ പ്രതികരണം വന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതു വെല്ലുവിളിയായിമാറുന്ന വിധം നികുതി അധികൃതർ ചില ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ചും തങ്ങൾക്ക് ബോധ്യമുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ വാഷിങ്ടണിൽ പറഞ്ഞു. നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയതിനെക്കുറിച്ച ചോദ്യത്തിന്, സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു മറുപടി.
എന്നാൽ, പരസ്യമായി ഇതിനകം പറഞ്ഞത് ആവർത്തിക്കുന്നു. ന്യായയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമ പ്രക്രിയയെയാണ് അമേരിക്ക പ്രോത്സാഹിപ്പിക്കുന്നതെന്ന് ആവർത്തിച്ചു പറയുന്നു. അത്തരമൊരു നിലപാടിനെ ആരും എതിർക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അടക്കം ഇത്തരത്തിലുള്ള നടപടികൾ തുടർന്നും സസൂക്ഷ്മം യു.എസ് നിരീക്ഷിക്കുമെന്നും മാത്യു മില്ലർ കൂട്ടിച്ചേർത്തു.
ഇതേത്തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഡൽഹിയിൽ പ്രതിവാര വാർത്തസമ്മേളനം വിളിച്ചു. യു.എസ് വിദേശകാര്യ വിഭാഗത്തിന്റെ പരാമർശം അനുചിതമാണെന്ന് കുറ്റപ്പെടുത്തി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ്, നിയമ നടപടികളിൽ പുറത്തുനിന്ന് ഇത്തരത്തിൽ ദോഷാരോപണം നടത്തുന്നത് തീർത്തും അംഗീകരിക്കാനാവില്ല.
നിയമ വ്യവസ്ഥകൾ അനുസരിച്ചു മാത്രമാണ് ഇന്ത്യയിൽ നടപടികൾ മുന്നോട്ടുനീങ്ങുന്നത്. സമാന മൂല്യങ്ങൾ വെച്ചുപുലർത്തുന്നവർ, പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങൾക്ക് ഈ വസ്തുത അംഗീകരിക്കുന്നതിൽ പ്രയാസമുണ്ടാകേണ്ട കാര്യമില്ല.
സ്വതന്ത്രവും ഊഷ്മളവുമായ സ്വന്തം ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ച് ഇന്ത്യക്ക് അഭിമാനമുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള അനാവശ്യ വൈദേശിക സ്വാധീനങ്ങളിൽനിന്ന് അവയെ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പരസ്പര ബഹുമാനവും ധാരണയുമാണ് അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിത്തറ രൂപപ്പെടുത്തുന്നത്.
ഓരോ രാജ്യങ്ങളും മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളും പരമാധികാരവും മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ജർമനിയുടെ നയതന്ത്ര പ്രതിനിധിയെയും നേരത്തെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് അവർ സ്വരം മയപ്പെടുത്തി.
അടിസ്ഥാന മനുഷ്യ മൂല്യങ്ങളും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും, ഏഷ്യയിലെ പ്രധാന പങ്കാളിയെന്ന നിലയിൽ ഇന്ത്യയുമായി ജനാധിപത്യ മൂല്യങ്ങൾ പങ്കുവെക്കുന്നുവെന്നും ജർമനി വ്യക്തമാക്കി. കൂടുതൽ സഹകരണത്തിന് രണ്ടു കൂട്ടർക്കും വലിയ താൽപര്യമുണ്ടെന്നും ജർമനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.