ശ്രീനഗർ ജാമിഅ മസ്ജിദിൽ നമസ്കാരത്തിനിടെ മുദ്രാവാക്യം വിളിച്ച 13 പേർ അറസ്റ്റിൽ

ശ്രീനഗർ: വെള്ളിയാഴ്ച പ്രാർഥനക്കിടെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ സ്വാതന്ത്ര്യ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇതിന് പ്രേരിപ്പിച്ച രണ്ടുപേരടക്കം 13 പേരെ ജമ്മു-കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധങ്ങൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. കോവിഡ് കാരണം രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന ശ്രീനഗറിലെ പഴയ നഗരത്തിലെ മസ്ജിദ് കഴിഞ്ഞ മാസമാണ് പ്രാർഥനക്കായി തുറന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹം, അതിക്രമിച്ചുകയറൽ, ക്രിമിനൽ ഗൂഢാലോചന വകുപ്പുകൾ പ്രകാരം നൗഹട്ട പൊലീസാണ് കേസെടുത്തത്.

ഹവാൽ നൗഹട്ടയിലെ ബശാരത് നബി ഭട്ട്, നൗഹട്ടയിലെ ഉമർ മൻസൂർ ശൈഖ് എന്നിവരാണ് മുദ്രാവാക്യം വിളിക്കാൻ േപ്രരിപ്പിച്ചതിന് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, അനന്ത്‌നാഗിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ ഭീകരൻ കൊല്ലപ്പെട്ടു. തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സിർഹാമ മേഖലയിൽ സുരക്ഷ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സുരക്ഷ സേനക്കു നേരെ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നും ലശ്കറെ ത്വയ്യിബയിലെ പ്രാദേശിക ഭീകരനാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. അതിനിടെ, കുൽഗാം ജില്ലയിലെ ഡി.എച്ച് പോരയിലുള്ള ചകി സമദ് മേഖലയിൽ മറ്റൊരു ഏറ്റുമുട്ടലും നടന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Thirteen people have been arrested for chanting slogans during prayers at the Jamia Masjid in Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.