മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചതിന്റെ പേരിൽ പ്രതിഷേധം നേരിടുന്ന സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ കുരുക്ക് മുറുക്കി ശിവസേന. മൂന്നു കേസുകൾ കൂടിയാണ് കമ്രക്കെതിരെ ഖർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ശിവസേന നേതാവും ജൽഗാവ് നഗരസഭ മേയറുമായ ജയശ്രീ മഹാജനാണ് കേസ് നൽകിയ ഒരാൾ. നാസിക്കിൽ നിന്നുള്ള ഹോട്ടലുടമയും ബിസിനസുകാരനുമാണ് മറ്റ് രണ്ട് പരാതിക്കാരെന്ന് മുംബൈ പൊലീസ് അറിയിച്ചു. കേസിൽ ചോദ്യം ചെയ്യാനായി ഹാജരാകാൻ ഖർ പൊലീസ് രണ്ടു തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്ര ഹാജരായിട്ടില്ല.
അതേസമയം, കുനാൽ കമ്രക്ക് മദ്രാസ് ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. പൊലീസിന് നോട്ടീസ് അയച്ച ജസ്റ്റിസ് സുന്ദർ മോഹൻ കേസ് പരിഗണിക്കുന്നത് ഏപ്രിൽ ഏഴിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലക്കാരനാണെന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കമ്ര ഹൈകോടതിയെ സമീപിച്ചത്.
മുംബൈ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബിൽ നടത്തിയ ഷോക്കിടെ ഏക്നാഥ് ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് കുനാൽ കമ്രക്കെതിരെ ഉയർന്ന ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് 'ദിൽ തോ പാഗൽ ഹേ' എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണ് കുനാലിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയത്. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.
എന്നാൽ. പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും കമ്ര വ്യക്തമാക്കി. ഹോട്ടൽ അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് കമ്ര ആവശ്യപ്പെട്ടു.
ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിച്ച് കുനാൽ കമ്രക്ക് പിന്തുണച്ച് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.