രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരമകൻ അരുൺ മണിലാൽ ഗാന്ധിയുടെ മകനാണ് ഗ്രന്ഥകാരനും മനുഷ്യാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റും ചിത്രകാരനുമായ തുഷാർ ഗാന്ധി. സി.എ.എ -എൻ.ആർ.സി വിരുദ്ധ സമരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മാധ്യമം കാമ്പയിന് ആശംസകളർപ്പിച്ച് അദ്ദേഹം എഴുതുന്നു
രാജ്യം സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തിലൂടെ കടന്നുപോകുകയാണ്. നമ്മുടെ രാഷ്ട്ര സ്ഥാപകർ രാജ്യത്തിനായി മുന്നോട്ടുവെച്ച ആദർശങ്ങളിലേക്ക്, അടിസ്ഥാന ആശയങ്ങളിലേക്ക് രാജ്യം തിരിച്ചുനടക്കേണ്ട സന്ദർഭമാണിത്. ദൗർഭാഗ്യകരമെന്നു പറയെട്ട, സ്വാതന്ത്ര്യം ലഭിച്ച ഉടൻ തന്നെ പതുക്കെയെങ്കിലും അതിന് വിരുദ്ധമായ നീക്കങ്ങൾ തുടങ്ങിയിരുന്നു.
1970കളിൽ അതിന് ഗതിവേഗം കൂടുകയും തൊണ്ണൂറുകളോടെ എന്താണോ നമ്മുടെ രാഷ്ട്രനായകർ സ്വപ്നം കണ്ടത്, അതിെൻറ നേർവിപരീത ദിശയിലേക്ക് അതിവേഗം രാജ്യം സഞ്ചരിക്കുകയുമുണ്ടായി. 2000ത്തോടെ അത് മൂർധന്യാവസ്ഥയിൽ എത്തുകയും ചെയ്തു. സ്വാതന്ത്ര്യം കൊണ്ട് അവർ ലക്ഷ്യംവെച്ചത് ഇതൊന്നുമായിരുന്നില്ല. എങ്കിലും നമുക്കിനിയും സമയമുണ്ട്. ആ ആദർശങ്ങളിലേക്ക് തിരിച്ചുനടക്കാനുള്ള ഏറ്റവും ഉചിതമായ സമയവും ഇതാണ്. സ്വയം തിരുത്താനും യഥാർഥ ലക്ഷ്യത്തിലേക്ക് കുതിക്കാനുമുള്ള അനുയോജ്യ സന്ദർഭമാണിത്.
സ്വതന്ത്ര ഇന്ത്യയെ കുറിച്ച ബാപ്പുവിെൻറ സ്വപ്നങ്ങൾ, ദൗർഭാഗ്യവശാൽ സ്വാതന്ത്ര്യം ലഭിച്ച ഉടൻ തന്നെ ഏറക്കുറെ അട്ടിമറിക്കപ്പെട്ടിരുന്നല്ലോ. കഴിഞ്ഞ 10 വർഷം എടുത്തുനോക്കിയാൽ ബാപ്പുവിെൻറ ഇന്ത്യയെ കുറിച്ച സകല വിഭാവനകളും തകർക്കപ്പെട്ടതായും കാണാം. പക്ഷേ, അദ്ദേഹം ഇന്ത്യക്കായി കണ്ടുവെച്ച കാഴ്ചപ്പാടുകൾ ഇന്നും, വിശേഷിച്ച് ഇൗ മഹാമാരിക്കാലത്ത് ഏറെ പ്രസക്തമാണെന്ന് ഞാൻ പറയും.
സുസ്ഥിരതയില്ലാത്ത വികസന മാതൃകകൾ വരുത്തിവെച്ച വിനാശങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഗ്രാമീണ ഇന്ത്യ പാടെ തകർന്നിരിക്കുന്നു. നമ്മുടെ അയൽ സംസ്ഥാനങ്ങളിലെ അറ്റമില്ലാത്ത പലായനങ്ങൾ അത് തെളിയിച്ചുകഴിഞ്ഞതാണ്. ബാപ്പുവിെൻറ സ്വപ്നത്തിലുള്ളതായിരുന്നു ഗ്രാമീണ വ്യവസായങ്ങളും അതുവഴിയുണ്ടാകുന്ന തൊഴിലുകളും സാമൂഹിക സുരക്ഷിതത്വവും. പക്ഷേ, ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ നമ്മുടെ രാജ്യം അേമ്പ പരാജയപ്പെട്ടു.
1947 ആഗസ്റ്റ് 15ന് നമുക്ക് ലഭിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ്. കൊളോണിയലിസത്തിൽനിന്ന് നമുക്ക് മോചനം ലഭിച്ചു എന്നത് വസ്തുതയായിരിക്കെ തന്നെ സമൂഹത്തിലുള്ള നാനാതരം വിഭജനങ്ങളിൽനിന്നും അതുണ്ടാക്കുന്ന ആഘാതങ്ങളിൽനിന്നും ഇന്ത്യൻ ജനതക്ക് മോചനം ലഭിച്ചില്ല. ജാതീയതയും മതഭ്രാന്തും പ്രാദേശികതയുമെല്ലാം രാജ്യത്തിെൻറ വളർച്ചക്ക് തടസ്സമായി മാറുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തായി ബാപ്പു ജാതിചൂഷണങ്ങളെ വിലയിരുത്തിയിട്ടുണ്ട്. ബാപ്പു വിഭാവനം ചെയ്ത പൂർണസ്വരാജ് സംഭവിച്ചില്ല. സ്വാതന്ത്ര്യത്തിെൻറ സമയത്ത് തന്നെ അദ്ദേഹം പറഞ്ഞു, പാവങ്ങളിൽ പാവപ്പെട്ടവരുടെ സ്വാതന്ത്ര്യം ആണ് നാം വിഭാവനം ചെയ്യുന്നത് എന്ന്. ദൗർഭാഗ്യവശാൽ 75 വർഷങ്ങൾക്കിപ്പുറവും അത് യാഥാർഥ്യമാക്കാൻ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് സാധിച്ചിട്ടില്ല. സമൂഹത്തിൽ തുല്യത ഉറപ്പുവരുത്താൻ നമുക്ക് സാധിച്ചില്ല. വർഷംകഴിയും തോറും നമ്മൾ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയും അനൈക്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഒരു ജനാധിപത്യ റിപ്പബ്ലിക്കിനെ സംബന്ധിച്ച് ഒട്ടും ആശാവഹമായ കാര്യമല്ല ഇതൊന്നും.
ആവിഷ്കാര സ്വാതന്ത്ര്യം മാത്രമല്ല, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും (freedom of choice) നിഷേധിക്കപ്പെടുന്നു. ആരെ സ്നേഹിക്കണം, ആരെ സ്നേഹിക്കരുത്, ആരെ കല്യാണം കഴിക്കണം എന്നിങ്ങനെ ഭരണഘടന എന്തെല്ലാം സ്വാതന്ത്ര്യങ്ങൾ പൗരന് നൽകുന്നുണ്ടോ അതെല്ലാം ഭരണകൂടം ഒൗദ്യോഗികമായി റദ്ദ് ചെയ്യുകയാണ്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹത്തെയും മതംമാറ്റത്തെയും വിലക്കുന്ന നിയമങ്ങൾ ഭരണകൂടങ്ങൾ ആവിഷ്കരിക്കുന്നു. മതം എന്നത് ഒരാളുടെ ചോയ്സ് ആണ്. അക്കാര്യത്തിൽ ഞാൻ എന്തുചെയ്യണം, എന്തു ചെേയ്യണ്ട എന്ന് നിശ്ചയിക്കാൻ ഒരാൾക്കും അധികാരമില്ല. ഞാൻ ജനിച്ച മതത്തിൽ ആകണമെന്നില്ല ഞാനുള്ളത്. അതെെൻറ തെരഞ്ഞെടുപ്പാണ്, ബോധ്യമാണ്. അത് മറ്റൊരാൾ നിശ്ചയിക്കേണ്ടതല്ല. പറഞ്ഞുവരുന്നത്, ഭരണഘടന എന്തെല്ലാം സ്വാതന്ത്ര്യങ്ങൾ പൗരന് നൽകുന്നുവോ അതെല്ലാം ഒന്നിന് പിറകെ ഒന്നായി നിഷേധിക്കപ്പെടുകയാണ്. നമ്മൾ അത് അംഗീകരിച്ചുകൊടുക്കുകയാണ് ഒരർഥത്തിൽ. ഒരു പ്രതിഷേധവും ഇവിടെ കാണുന്നില്ല. ഇനി സമരം നടത്തുന്നവരെ തന്നെ ഭരണകൂടം പലതരത്തിൽ ബ്രാൻഡ് ചെയ്യുന്നത് സി.എ.എ^എൻ.ആർ.സി വിരുദ്ധ സമരത്തിൽ നാം കണ്ടതാണ്. ഇൗ സമരത്തിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച അനുഭവം എനിക്കുണ്ട്.
വ്യക്തിസ്വാതന്ത്ര്യം ഇത്രമേൽ ഹനിക്കപ്പെട്ട ഒരു കാലം സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായിട്ടില്ല. പൗരെൻറ രഹസ്യവിവരങ്ങൾ ചോർത്താൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണ്. ഞാനടക്കം നമ്മളിൽ പലരും ഇപ്പോഴും ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് പോസ്റ്റ് കാർഡാണ്. എന്നിരിക്കെ നമ്മളുടെ വിവരങ്ങൾ ചോർത്താൻ ഗവൺെമൻറ് പെഗസസിന് കോടികൾ ചെലവാക്കി ബുദ്ധിമുട്ടണം എന്നില്ല.
സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം, ആരോഗ്യപരിചരണത്തിനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗത്തിന് ലഭ്യമാകുന്നതുവരെ ഒരു ജനാധിപത്യ വ്യവസ്ഥ പരിപൂർണമാകില്ല. സമൂഹത്തിെൻറ ഇത്തരം കൂട്ടായ അവകാശങ്ങൾക്ക്, കൂട്ടായ സ്വാതന്ത്ര്യത്തിന് വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കാൾ പ്രാമുഖ്യം നൽകിയാൽ മാത്രമേ യഥാർഥ സ്വാതന്ത്ര്യം നമുക്ക് ലഭ്യമാകൂ. നമ്മളെല്ലാം വ്യക്തിപരമായ അവകാശങ്ങളെ കുറിച്ച് മാത്രമാണ് പലപ്പോഴും ആകുലപ്പെടുന്നത്. സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക്, സമൂഹത്തിെൻറ വിവിധ തട്ടിലുള്ള മനുഷ്യർ അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളിലേക്ക് അനുഭാവപൂർവം നമ്മുടെ ശ്രദ്ധപതിയണം. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ അവർക്ക് നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി നാം ശബ്ദമുയർത്തണം. ഞാൻ, എെൻറ കുടുംബം, എെൻറ സമുദായം, എെൻറ ജാതി, എെൻറ മതം എന്നതിനപ്പുറത്തേക്ക് ആ പോരാട്ടം വ്യാപിക്കണം.
സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള 'മാധ്യമ'ത്തിെൻറ 'വി ഇന്ത്യ @ 75, അമൃതം ആസാദി' കാമ്പയിൻ പ്രശംസനീയമാണ്. യഥാർഥത്തിൽ സ്വതന്ത്രമായ ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള നമ്മുടെ പ്രയാണത്തിന് അത് മുതൽക്കൂട്ടാകും. ഏതെങ്കിലും ഒരു വിഷയത്തിലോ ദിവസത്തിലോ കേന്ദ്രീകരിക്കാതെ, ഒരുവർഷം നീളുന്ന പ്രചാരണം 'മാധ്യമം' നടത്തുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ഒരു വർഷം പൂർത്തീകരിക്കുേമ്പാൾ, വരുന്ന 25 വർഷം കൊണ്ട് നമ്മുടെ രാജ്യം നേടേണ്ടത് എന്തൊക്കെയാണ് എന്ന് പറഞ്ഞുവെക്കാനും അതുവഴി ഒരു മാതൃകാരാജ്യത്തിന് ആവശ്യമായ ബ്ലൂ പ്രിൻറ് സമൂഹത്തിന് സമർപ്പിക്കാനും ഇൗ സംരംഭത്തിന് സാധിക്കെട്ട എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.