ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്ത്രീ പോരാളികൾക്ക് ആദരമർപ്പിച്ച് ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്ത്രീകളുടെ ചിത്രമാണ് വനിത ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ അന്താരാഷ്ട്ര പതിപ്പിലെ കവർചിത്രം.
കർഷക പ്രക്ഷോഭം നൂറുദിനം പിന്നിടുേമ്പാഴാണ് ആഗോള തലത്തിൽ ശ്രദ്ധയമായ ടൈം മാഗസിൻ കവർ ചിത്രം ഒരുക്കിയിരുന്നത്. മുതിർന്ന സ്ത്രീകളും കൈകുഞ്ഞുമായി നിൽക്കുന്ന സ്ത്രീയും പെൺകുട്ടിയും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതാണ് ചിത്രം. മാസങ്ങളായി ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നവരാണ് ഇവരിൽ പലരും.
ഭരണകൂടം പ്രതിഷേധിക്കുന്ന കർഷക സ്ത്രീകളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിശൈത്യം പോലും വകവെക്കാതെ പ്രക്ഷോഭത്തിൽനിന്ന് പിന്നോട്ടുപോകാത്ത സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിന്‍റെ വാക്കുകളാണ് മാഗസിനിലെ പ്രധാന ലേഖനം. 'എന്നെ ഭയപ്പെടുത്താനാകില്ല, വിലക്കെടുക്കാനുമാകില്ല' എന്ന തലക്കെട്ടിലാണ് ലേഖനം. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഡൽഹി അതിർത്തിയിലെത്തിയ ആയിരക്കണക്കിന് കർഷകരുടെ നേതൃത്വം ഈ സ്ത്രീകൾ ഏറ്റെടുക്കുകയായിരുന്നു.
കർഷക സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര നേതാക്കളും സെലിബ്രിറ്റികളും രംഗത്തെത്തിയത് മോദി ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. പ്രക്ഷോഭത്തെ പിന്തുണച്ച പോപ് ഗായിക റിഹാനക്കെതിരെയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെയും കേന്ദ്രസർക്കാർ പ്രതിനിധികളും അനുയായികളും വർഗീയ വിഷം ചീറ്റി. ഇതിനിടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മാഗസിൻ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.