പുകയിലയും കാൻസറും തമ്മിൽ യാതൊരു ബന്ധവുമില്ല; രാജസ്ഥാൻ ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ജയ്പൂര്‍: പുകയിലയും കാന്‍സറുമായി ബന്ധമില്ലെന്ന രാജസ്ഥാൻ ആരോഗ്യമന്ത്രി പർസാദി ലാൽ മീണയുടെ പ്രസ്താവന വിവാദമായി. പറഞ്ഞത് തെറ്റാണെന്ന് മനസിലായതോടെ സിഗരറ്റല്ല ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയിലയാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി തിരുത്തി.

ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ജയ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പര്‍സാദി ലാല്‍ മീണയുടെ വിവാദ പ്രസ്താവന ഉണ്ടായത്. ഗ്രാമങ്ങളിലെ ആളുകള്‍ പുകയില ഉപയോഗിക്കുകയും എന്നാല്‍ 100 വര്‍ഷം വരെ ജീവിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''കാന്‍സറിന് പുകയിലയുമായോ ബീഡിയുമായോ ബന്ധമില്ല. കാന്‍സര്‍ ആര്‍ക്കും വരാം. ഞാന്‍ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്, അവിടെ ഒരു ദിവസം 20 തവണ വരെ പുകയില ഉപയോഗിക്കുന്നവരും സിഗരറ്റും ബീഡിയും വലിക്കുന്നരുമുണ്ട്. അവര്‍ക്കൊരിക്കലും കാന്‍സര്‍ വരില്ല. അവര്‍ 80 മുതൽ 100 വര്‍ഷം വരെ ജീവിക്കും'' - മീണ പറഞ്ഞു.

പുകയില ഉപയോഗിക്കാത്തവര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നും നഗരങ്ങളില്‍ പുകയില ഉപയോഗിക്കാത്തവരായി ആരുമില്ലെന്നും മീണ കൂട്ടിച്ചേർത്തു. കാന്‍സര്‍ പുകയിലയുമായോ ബീഡിയുമായയോ ബന്ധപ്പെട്ടതല്ല. ആര്‍ക്കും കാന്‍സര്‍ വരാം. ഭക്ഷണ ശീലങ്ങള്‍, മദ്യപാന ശീലങ്ങള്‍, ജീവിതശൈലി എന്നിവയില്‍ നിന്നാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ആശങ്കാജനകമാണെന്നും ഒന്നുകില്‍ അദ്ദേഹം പ്രസ്താവന പിന്‍വലിക്കുകയോ അല്ലെങ്കില്‍ തന്റെ സ്ഥാനം രാജിവെക്കുകയോ ചെയ്യണമെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ജന്‍ സ്വാസ്ഥ്യ അഭിയാന്‍ രാജസ്ഥാന്‍ ആവശ്യപ്പെട്ടു. വിമർശമങ്ങൾ രൂക്ഷമായതോടെ മീണ തന്‍റെ പ്രസ്താവന തിരുത്തി.

ഗ്രാമങ്ങളിലെ പരമ്പരാഗത ഹുക്കകളിൽ ഉപയോഗിക്കുന്ന പുകയിലയാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വർഷങ്ങളോളം ജീവിക്കുകയും അവർക്ക് കാൻസർ പിടിപെടില്ലെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞ് മീണ തടിതപ്പി. 

Tags:    
News Summary - Tobacco, cancer not related, says Rajasthan Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.