ന്യൂഡൽഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങൾ ആചരിച്ചുവരുന്ന മുത്തലാഖ് ഭരണഘടന ധാർമികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണ്. അയോധ്യയിലാണ് രാമൻ ജനിച്ചത് എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നതിന് തുല്യമാണിതെന്നും ആൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതയിൽ വാദിച്ചു.
കഴിഞ്ഞ 1,400 വർഷങ്ങളായി മുസ്ലിങ്ങൾ മുത്തലാഖ് അനുവർത്തിച്ചുപോരുന്നു. അത് അനിസ്ലാമികമെന്ന് പറയാൻ നാം ആരാണ്? അതുകൊണ്ടുതന്നെ ഭരണഘടനാപരമായ ധാർമികതയുടെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ല.
രാമൻ ജനിച്ചത് അയോധ്യയിലാണെന്ന് ഞാൻ കരുതുന്നുണ്ടെങ്കിൽ അത് വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമാണ്. അവിടെ ഭരണഘടനാപരമായ ധാർമിക പ്രസക്തമല്ല എന്നും മുത്തലാഖ് വിഷയം കേൾക്കുന്ന ചീഫ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മുമ്പാകെ സിബൽ പറഞ്ഞു.
മുത്തലാഖിന്‍റെ ഉദ്ഭവം ഹദീസിലാണ്. പ്രവാചകൻ മുഹമ്മദിന്‍റെ കാലത്തിന് ശേഷമാണ് മുത്തലാഖ് നിലവിൽ വന്നതെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും കപിൽ സിബൽ വ്യക്തമാക്കി.
ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, കുര്യൻ ജോസഫ്, യു.യു.ലളിത് അബ്ദുൽ നസീർ എന്നിവർ ഉൾപ്പെടുന്ന ബെഞ്ചിന് മുൻപാകെയാണ് ആൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്‍റെ വാദം കപിൽ സിബൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.