ന്യൂഡൽഹി: മുത്തലാഖിെൻറ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികൾ ആറു ദിവസത്തെ വാദം പൂർത്തിയാക്കി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. മിക്കവാറും ജൂലൈയിൽ വിധി പറയുമെന്നാണ് കരുതുന്നത്.ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു. ലളിത്, അബ്ദുൽ നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് മേയ് 11 മുതൽ കേസിൽ വാദം കേട്ടത്. കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തിനിയമ ബോർഡ്, വനിത വ്യക്തിനിയമ ബോർഡ്, ജംഇയതുൽ ഉലമായെ ഹിന്ദ് തുടങ്ങിയവയുടെ അഭിഭാഷകർ മുത്തലാഖിനെക്കുറിച്ച വ്യത്യസ്ത വീക്ഷണങ്ങൾ കോടതിയിൽ നിരത്തി.സിഖ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി വിഭാഗങ്ങളിൽ പെട്ട ജഡ്ജിമാരാണ് കേസ് പരിഗണിച്ചതെന്നത് പ്രത്യേകതയാണ്.
മുത്തലാഖിൽ മാത്രം കേന്ദ്രീകരിക്കുമെന്നും നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങൾ ഭാവിയിൽ പരിഗണിക്കപ്പെടാവുന്ന വിഷയങ്ങൾ മാത്രമായിരിക്കുമെന്നും സുപ്രീംകോടതി വാദം കേൾക്കലിനിടയിൽ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് ഭരണഘടനക്ക് നിരക്കാത്തതിനാൽ അസാധുവാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ വ്യക്തിനിയമത്തിെൻറ ഭാഗമാണെന്നിരിക്കെ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്ലിം സമുദായം തന്നെയായിരിക്കണം, കോടതി ഇടപെടാൻ പാടില്ലെന്ന് വ്യക്തിനിയമ ബോർഡ് വാദിച്ചു.
വിവിധ വീക്ഷണങ്ങൾ സമന്വയിപ്പിച്ച് സുപ്രീംകോടതി തീരുമാനമെടുക്കുമെന്ന് കരുതുന്നതായി മുത്തലാഖ് കേസിൽ സുപ്രീംകോടതിയെ സഹായിച്ചുവന്ന മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർശിദ് പറഞ്ഞു. വ്യക്തിനിയമത്തിെൻറ ഭാഗമായ ഒരു വിഷയത്തിൽ നിയമനിർമാണം നടത്താനോ കോടതി ഇടപെടാനോ പാടില്ലെന്ന കാഴ്ചപ്പാട് അദ്ദേഹം പ്രകടിപ്പിച്ചു. മുത്തലാഖ് സമ്പ്രദായം തുടരുന്നതിനോട് യോജിപ്പില്ലെന്ന് ഇതിനിടെ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ വ്യക്തമാക്കി. നിക്കാഹ്നാമയിലൂടെ ഇൗ രീതി അവസാനിപ്പിക്കാൻ പാകത്തിൽ ഖാസിമാർക്ക് നിർദേശം നൽകാൻ ബുധനാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചതായി ബോർഡിെൻറ അഭിഭാഷകൻ കപിൽ സിബൽ വിശദീകരിച്ചു. സാമുദായികമായ ആചാര രീതികളിൽ കോടതി ഇടപെടരുതെന്ന കാഴ്ചപ്പാടും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ബോർഡിെൻറ നിർദേശത്തിന് വലിയ ഫലമുണ്ടാകാൻ വഴിയില്ലെന്ന് ഹരജിക്കാർ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.