ന്യൂഡൽഹി: രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർകർ ആണെന്ന് കോൺഗ്രസ് എം.പി ആനന്ദ് ശർമ. കോൺഗ്രസ് പാർട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ല. കോൺഗ്രസ് വിഭജനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിക്കുക വഴി കേന്ദ്ര മന്ത്രി അമിത് ഷാ സ്വാതന്ത്ര സമരസേനാനികളെ അപമാനിക്കുകയാണ്. എൻ.ഡി.എ സർക്കാറിന് അനുസരിച്ച് ചരിത്രം മാറില്ലെന്നും ആനന്ദ് ശർമ കുറ്റപ്പെടുത്തി. രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് രാജ്യമെന്ന വാദം മുഹമ്മദലി ജിന്നയുടേതല്ല. ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത് ഹിന്ദു മഹാസഭയാണ്. 1937ൽ ഗുജറാത്തിലാണ് ഹിന്ദു മഹാസഭ ഈ വാദം അവതരിപ്പിച്ചത്. വിഭജനത്തിൽ ബ്രിട്ടീഷുകാരുടെ പങ്ക് നിങ്ങൾ എന്തു കൊണ്ട് പറയുന്നില്ലെന്നും ആനന്ദ് ശർമ പറഞ്ഞു.
ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ആനന്ദ് ശർമ പറഞ്ഞു. ബിൽ ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ റദ്ദാക്കുന്നു. വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് വന്നവരെയെല്ലാം സ്വീകരിച്ച നാടാണ് നമ്മളുടേത്. അവരിൽ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.
മൻമോഹൻ സിങ്ങും ഐ.കെ ഗുജ് റാളും നമ്മുടെ പ്രധാനമന്ത്രിമാരായിരുന്നു. മതം നോക്കി അഭയാർഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേത്. പൗരത്വം രാഷ്ട്രീയവൽകരിക്കരുതെന്നും ആനന്ദ് ശർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.