പട്ന: ഡൽഹിയിൽനിന്ന് പട്നയിലേക്കുള്ള ഇൻഡിഗോ എയർലൈൻസിൽ മദ്യപിച്ച് കയറിയ രണ്ടു യാത്രക്കാർ അറസ്റ്റിലായി. ബിഹാറിലെ ഹാജിപൂരിൽനിന്നുള്ള നിധീഷ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായതെന്ന് പട്ന വിമാനത്താവളം പൊലീസ് സ്റ്റേഷൻ ഹൗസ് എസ്.എച്ച്.ഒ റോബർട്ട് പീറ്റർ പറഞ്ഞു. ബിഹാറിൽ മദ്യപാനവും വിൽപനയും ഏഴു വർഷം മുമ്പ് നിരോധിച്ചതാണ്.
മദ്യലഹരിയിലാണ് ഇരുവരും വിമാനത്തിൽ കയറിയതെന്ന് ജീവനക്കാർ പരാതി നൽകിയതിനെ തുടർന്ന് വിമാനം പട്നയിൽ ഇറങ്ങിയപ്പോൾ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.
മുംബൈ: കഴിഞ്ഞവർഷം ഡിസംബർ ആറിന് പാരിസ്-ഡൽഹി വിമാനത്തിൽ യാത്രചെയ്ത രണ്ടുപേരുടെ മോശം പെരുമാറ്റത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡി.ജി.സി.എ അന്വേഷിക്കുന്നതുവരെ എയർ ഇന്ത്യ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം കൈകാര്യം ചെയ്യുന്നതിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചതായും നോട്ടീസിൽ പറഞ്ഞു.
പാരിസ്-ഡൽഹി വിമാനത്തിൽ ഒരു യാത്രക്കാരൻ സഹയാത്രിക എഴുന്നേറ്റുപോയപ്പോൾ അവരുടെ പുതപ്പിൽ മൂത്രമൊഴിക്കുകയും മറ്റൊരു യാത്രികൻ ശുചിമുറിയിൽ പുകവലിക്കുകയും ചെയ്തിരുന്നു. ഡി.ജി.സി.എ നിയമപ്രകാരം വിമാനത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായാൽ രേഖാമൂലം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.