ന്യൂഡൽഹി: ഏക്നാഥ് ഷിൻഡെ വിഭാഗം നിർദേശിച്ച എം.എൽ.എയെ ചീഫ് വിപ്പ് ആക്കിയ പുതിയ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സുപ്രീംകോടതിയിൽ. ഷിൻഡെയെയും 15 എം.എൽ.എമാരെയും അയോഗ്യരാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗം സമർപ്പിച്ച ഹരജിക്കൊപ്പം ഈ മാസം 11ന് ഈ ഹരജിയും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
താക്കറെ വിഭാഗത്തിന്‍റെ ശിവസേനാ ചീഫ് വിപ്പായിരുന്നു സുനിൽ പ്രഭുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉദ്ധവിനൊപ്പമുള്ള സുനിൽ പ്രഭുവിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റി ഷിൻഡെ തന്‍റെ കൂടെയുള്ള ഭരത് ഗോഗാവാലെയെ ചീഫ് വിപ്പായി നിയമിച്ചതിന് പുതുതായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ രാഹുൽ നർവേക്കർ അംഗീകാരം നൽകുകയായിരുന്നു.
ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന അവധിക്കാല ബെഞ്ചിനോട് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു.
ശിവസേനാ മേധാവിയായി ഉദ്ധവ് താക്കറെ നിൽക്കുന്നേടത്തോളം ഷിൻഡെയുടെ വിപ്പ് അംഗീകരിക്കാൻ സ്പീക്കർക്ക് അധികാരമില്ല. സുനിൽപ്രഭു ശിവസേനയുടെ ഔദ്യോഗിക വിപ്പായി തുടരുന്നത് ചോദ്യം ചെയ്ത് ഷിൻഡെ വിഭാഗം സമർപ്പിച്ച ഹരജിയും സുപ്രീംകോടതി മുമ്പാകെയുള്ളത് സിങ്വി ശ്രദ്ധയിൽപ്പെടുത്തി. അതിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതും സിങ്വി ഓർമിപ്പിച്ചു. തുടർന്നാണ് 11ന് ശിവസേനാ കേസുകൾക്കൊപ്പം ഈ ഹരജിയും കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.