ചണ്ഡിഗഡ്: വീട്ടിൽ നിന്ന് മദ്യം കഴിക്കുന്നത് വിലക്കിയതിന് 28കാരൻ സഹോദരനെ വെടിവെച്ചു കൊന്നു. ചാന്ദമന്ദിറിലെ ചുനാബട്ടി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തൊഴിൽരഹിതനായ സത്നാം സിങ് ലൈസൻസുള്ള ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ച് ഇളയ സഹോദരനായ അജിത് സിങ്ങിനെ വെടിവെക്കുകയായിരുന്നു.
ചോരയിൽ കുളിച്ച് നിൽക്കുന്ന സഹോദരന്‍റെ ദൃശ്യങ്ങളടക്കം പങ്കുവെച്ച പ്രതി ഫേസ്ബുക്കിലൂടെ കുറ്റസമ്മതം നടത്തി. 'സർക്കാറിന് എന്നെ തൂക്കിലേറ്റാം. എനിക്ക് ഒരു വിഷയമല്ല. എനിക്ക് ജീവിക്കണ്ട. എന്‍റെ കൈയ്യിൽ കൂടുതൽ ഉണ്ടകൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ സ്വയം വെടിയുതിർത്ത് മരിച്ചേനെ' -സഹോദരനെ കൊലപ്പെടുത്തിയ വിവരം അറിയിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ സത്നാം പറഞ്ഞു.
ബാങ്ക് സുരക്ഷാ ജീവനക്കാരനായ സത്നാം സിങ്ങിന് കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടമായിരുന്നു. ജോലിയുടെ ഭാഗമായി സത്നാമിന്റെ പക്കൽ ലൈസൻസുള്ള തോക്ക് ഉണ്ടായിരുന്നു.
ശനിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലെത്തിയ സത്നാം സിങ് റൂമിലേക്ക് പോയി. കുറച്ച് സമയങ്ങൾക്ക് ശേഷം അജിത്ത് വന്നു. ചേട്ടൻ സുഹൃത്തിനൊപ്പം മദ്യപിക്കുകയാണെന്ന് കരുതിയ അജിത്ത് വിലക്കാൻ ശ്രമിച്ചു. പിതാവ് വിലക്കിയതിനാലാണ് അജിത്ത് അങ്ങനെ ചെയ്തത്.
ശേഷം അജിത് സമീപത്ത് തന്നെയുള്ള പിതാവിന്‍റെ അടുത്തേക്ക് പോയി. അപമാനിതനായി തോന്നിയ സത്നാമും വീട്ടിൽ നിന്ന് ഇറങ്ങിപ്പായി. ദേഷ്യത്തോടെ വീട്ടിലെത്തിയ സത്നാം മുറിയിൽ കയറി കതകടച്ചു.
മടങ്ങിയെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി കിടന്നതായിരുന്നു അജിത്. ഇതിനിടെ പുറത്തെത്തിയ സത്നാം തോക്കെടുത്ത് അജിത്തിന്‍റെ തലക്ക് നേരെ രണ്ടുപ്രാവശ്യം വെടിവെച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.