സ്വതന്ത്ര ദേവ് സിങ്, സുരേഷ് കുമാർ ഖന്ന, ആതിഖ് അഹ്മദ്

‘ഇത് പ്രകൃതിയുടെ തീരുമാനം, പാപ പുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തിൽ തന്നെ സംഭവിക്കുന്നു’; കൊലപാതകത്തെ പരോക്ഷമായി ന്യായീകരിച്ച് യു.പി മന്ത്രിമാർ

സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്‌മദിന്റെയും സഹോദരൻ അഷ്റഫ് അഹ്‌മദിന്റെയും കൊലപാതകത്തെ പരോക്ഷമായി ന്യായീകരിച്ച് ഉത്തർപ്രദേശ് മന്ത്രിമാർ. പാപ പുണ്യങ്ങളുടെ കണക്കെടുപ്പ് ഈ ജന്മത്തിൽ തന്നെ സംഭവിക്കുന്നു എന്നാണ് ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിങ് ട്വീറ്റ് ചെയ്തത്. കുറ്റകൃത്യം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ ഇത് പ്രകൃതിയുടെ തീരുമാനമാണ്. പ്രകൃതിയുടെ തീരുമാനം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു ധനകാര്യ-പാർലമെന്ററികാര്യ മന്ത്രി സുരേഷ് കുമാർ ഖന്നയുടെ പ്രതികരണം.

ഇരുവരുടെയും അഭിപ്രായപ്രകടനത്തിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. സ്വതന്ത്ര ദേവ് സിങ്ങിന്റെ ട്വീറ്റിനെതിരെ മുന്‍ ഐ.എ.എസ് ഓഫിസര്‍ സഞ്ജീവ് ഗുപ്ത പ്രതികരിച്ചതിങ്ങനെയായിരുന്നു, "പൊലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും കൊല്ലപ്പെട്ട അതീഖിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ലജ്ജാകരമാണ് ഈ പരാമര്‍ശം. ദയവു ചെയ്ത് ഇത്രയും ഗൗരവമുള്ള വിഷയത്തിൽ ബാലിശമായി സംസാരിക്കരുത്. പൊലീസ് മനഃപൂർവം തടഞ്ഞില്ല എന്ന് ആളുകൾ ചിന്തിക്കുന്ന സാഹചര്യമുണ്ടാക്കരുത്. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരിൽനിന്ന് ഇത്തരമൊന്ന് പ്രതീക്ഷിക്കുന്നില്ല. അതീഖ് അഹ്മദിനെ പോലെയുള്ള ഒരു കൊടുംകുറ്റവാളിക്ക് നിയമ നടപടികളിലൂടെ പരമാവധി ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ ആരും ദുഃഖിക്കില്ലായിരുന്നു".

കൊലപാതകത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാറിനെതിരെ കടുത്ത വിമർശനവുമായി മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ‘‘ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കുറ്റവാളികളുടെ ആത്മവീര്യം ഉയർന്നതാണ്. പൊലീസുകാരുടെ സുരക്ഷാ വലയത്തിനിടയിൽ ചിലർ വെടിയേറ്റ് മരിക്കുമ്പോൾ പൊതുജനങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളത്? ഇത് പൊതുജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്. ചിലർ ബോധപൂർവം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു’’, അഖിലേഷ് ട്വീറ്റ് ചെയ്തു.

‘അതീഖും സഹോദരനും കൈവിലങ്ങുകളിൽ നിൽക്കെയാണ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ‘ജയ് ശ്രീറാം’ വിളികളും ഇതിനിടെ ഉയർന്നു. ക്രമസമാധാനം സംരക്ഷിക്കുന്നതിൽ യോഗിയുടെ വലിയ പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ് കൊലപാതകം. ഏറ്റുമുട്ടൽ കൊലകൾ ആഘോഷിക്കുന്നവരും ഈ കൊലപാതകത്തിന് തുല്യ ഉത്തരവാദികളാണ്. കൊലപാതകികളെ ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ, ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?’, എന്നിങ്ങനെയായിരുന്നു ട്വിറ്ററിൽ അസദുദ്ദീൻ ഉവൈസിയുടെ ​കുറിപ്പ്. ജനാധിപത്യത്തിൽ ഇതൊക്കെ സംഭവ്യമാണോയെന്നായിരുന്നു രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ പ്രതികരണം.

മെഡിക്കൽ പരിശോധനക്ക് സഹോദരനൊപ്പം എത്തിച്ച അതീഖ് ശനിയാഴ്ച രാത്രി 10 മണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്തെത്തിയ മൂന്നുപേർ വെടിയുതിർത്തത്. അതീഖ് വെടിയേറ്റ് വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്റഫിന് നേരെയും നിരവധി തവണ വെടിയുതിർത്തു. പ്രതികൾ 12 റൗണ്ടോളം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന അതീഖിനും സഹോദരനും സമീപം ഇവരെത്തിയതെന്നാണ് പറയുന്നത്. കൊലപാതകത്തിന് ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേർ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ യു.പിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതീഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്‌രാജിൽ കനത്ത ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. സംഘർഷ സാധ്യത ഒഴിവാക്കാൻ പ്രയാഗ്‌രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.

സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമീഷന്റെ ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശിച്ചു. അതീഖിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

Tags:    
News Summary - UP ministers indirectly justified Atiq Ahmed's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.