കാലാവധി പൂർത്തിയാകാൻ അഞ്ച് വർഷം ബാക്കിനിൽക്കെ യു.പി.എസ്.സി ചെയർപേഴ്സൺ രാജിവെച്ചു

ന്യൂഡൽഹി: കാലാവധി പൂർത്തിയാകാൻ അഞ്ച് വർഷം ബാക്കിനിൽക്കെ പദവി രാജിവെച്ച് യു.പി.എസ്.സി ​ ചെയർപേഴ്സൺ മനോജ് സോണി. വ്യക്തപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം രാജിക്കത്ത് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 2029 വരെ സോണിക്ക് കാലാവധിയുണ്ട്.

അതേസമയം, ഐ.എ.എസ് ഓഫീസർ പൂജ ഖേഡ്കർ വിവാദവുമായി രാജിക്ക് ബന്ധമില്ലെന്നും റിപ്പോർട്ടുണ്ട്. 2017 ലാണ് യു.പി.എസസ്‍സി അംഗമായി മനോജ് സോണി നിയമിതനാവുന്നത്. 2023 മെയ് 16ന് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് പോലുള്ള പോസ്റ്റുകൾക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്‍ യു.പി.എസ്.സിയാണ്.

ഒരു മാസം മുമ്പ് തന്നെ രാഷ്ട്രപതി മുമ്പാകെ സോണി രാജിക്കത്ത് സമർപ്പിച്ചുവെന്നാണ് വിവരം. എന്നാൽ, രാജി രാഷ്ട്രപതി അംഗീകരിച്ചോ ഇല്ലയോയെന്നത് വ്യക്തമല്ല. യു.പി.എസ്.സി അംഗമാകുന്നതിന് മുമ്പ് രണ്ട് തവണ അദ്ദേഹം ഗുജറാത്ത് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായിട്ടുണ്ട്. 2009 മുതൽ 2015 വരെയുള്ള കാലയളവിലാണ് അദ്ദേഹം രണ്ട് തവണ ഗുജറാത്ത് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായത്.

2005 മുതൽ 2008 വരെയുള്ള കാലയളവിൽ ബറോഡയിലെ എം.എസ്.യു യൂനിവേഴ്സിറ്റി വി.സിയുമായി. ഇന്റർനാഷണൽ റിലേഷൻസിൽ വിദഗ്ധനായ അദ്ദേഹം രാഷ്ട്രീയമീമാംസയിലെ അറിയപ്പെടുന്ന ​ഗവേഷകൻ കൂടിയാണ്.

Tags:    
News Summary - UPSC chairperson Manoj Soni resigns five years before end of term: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.