ഉത്തര കന്നട ജില്ലയിലെ ഷിറൂർ അങ്കോലയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞുണ്ടായ അപകടം. ഇവിടെയാണ് ലക്ഷ്മണ നായിക്കിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്

അർജുന്റെ ലക്ഷ്മണേട്ടനും കുടുംബവും ഇനിയില്ല; ആ ഹോട്ടലും മണ്ണെടുത്തു

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിറൂർ അങ്കോലയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് അപകടത്തിൽ പെട്ട കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ സുഹൃത്ത് സമീറുമായുള്ള ഫോൺ സംഭാഷണത്തിൽ പരാമർശിച്ച "ലക്ഷ്മണേട്ടൻ" ഇനിയില്ല. ആ ഹോട്ടൽ നടത്തിവന്ന കെ.ലക്ഷ്മണ നായ്ക(47), ഭാര്യ ശാന്തി നായ്ക(36), ഇവരുടെ മക്കളായ റോഷൻ(11), അവന്തിക (ആറ്) എന്നിവർ ഇടിഞ്ഞുവീണ മണ്ണിനടിയിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങളാണ് സംഭവസ്ഥലത്ത് നിന്ന് ആദ്യം കണ്ടെത്തിയത്.

ദേശീയ പാതയിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരിൽ പലരും ഈ ഹോട്ടലിൽ കയറുമായിരുന്നു. പാതയോരത്ത് ലോറികൾ നിർത്തുന്ന ലോറി ഡ്രൈവർമാരായിരുന്നു ഇതിൽ ഏറെ. താൻ ഗോകർണത്തെ ലക്ഷമണേട്ടന്റെ കടയുടെ അടുത്ത് ലോറി നിർത്തി ഉറങ്ങാൻ പോവുകയാണെന്ന് അർജുൻ അറിയിച്ചതായാണ് സമീർ പറഞ്ഞത്.


മണ്ണിനൊപ്പം പുഴയിൽ വീണവരിൽ 15 പേരുണ്ടെന്ന ആശങ്ക കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന്റെ പേര് കൂടി പുറത്തുവന്നതോടെ ഏറുകയാണ്. ഇരുദിശകളിലേക്കും കേരളം, കർണാടക,ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി വാഹനങ്ങൾ നിരന്തരം കടന്നു പോവുന്ന പാതയാണിത്. വ്യാഴാഴ്ച പുറത്തെടുത്ത മൂന്ന് ഉൾപ്പെടെ ഏഴ് മൃതദേഹങ്ങൾ മാത്രമാണ് ഇതിനകം കണ്ടെത്തിയത്. സംഭവ ശേഷം കാണാതായവർ മണ്ണിടിച്ചിൽ ദുരന്തത്തിൽ പെട്ടിരിക്കാം എന്നാണ് പ്രദേശവാസികൾ പൊലീസിനോട് പറയുന്നത്.

ടൺ കണക്കിന് മണ്ണ് ഒരുമിച്ച് ഒഴുകിയെത്തി ഗംഗാവാലി നദിയിൽ തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. സമാന ഉയരത്തിൽ കരയിലും കുന്നോളം മണ്ണുണ്ട്. ഏഴുപേരാണ് ചൊവ്വാഴ്ച അപകടത്തിൽ പെട്ടതെന്നായിരുന്നു ആദ്യ വിവരം.

കനത്ത മഴ തുടരുന്നത് എല്ലാ തരം രക്ഷാപ്രവർത്തനങ്ങൾക്കും ഭീഷണിയാണെന്ന് കാർവാർ ജില്ല പൊലീസ് സൂപ്രണ്ട് എം.നാരായണ പറഞ്ഞു. രക്ഷാ പ്രവർത്തനം സുഗമമാക്കാൻ ഈ പാതയിലൂടെയുള്ള വാഹനഗതാഗതം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ലോക്കൽ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, മറ്റ് ഏജൻസികൾ നാലു ദിവസമായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് എസ്.പി പറഞ്ഞു.

അര്‍ജുനെ കാണാതായ സംഭവത്തിൽ തിരച്ചില്‍ പ്രവർത്തന മേൽനോട്ടത്തിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍ ഹിതേന്ദ്ര നേതൃത്വം നൽകും. മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി നിർദേശം നൽകിയിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തതിനെത്തുടർന്നാണിത്.

അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നേരത്തെ ചര്‍ച്ച ചെയ്തതിന് പിന്നാലെയാണിത്. രക്ഷാപ്രവര്‍ത്തന പുരോഗതി അപ്പപ്പോൾ ലഭ്യമാക്കാമെന്ന് എഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു.

Tags:    
News Summary - ankola landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.