ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന്. വോട്ടെണ്ണൽ അന്നേ ദിവസം തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ലോക്‌സഭയിലെയും രാജ്യസഭയിലെയും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വോട്ട് ചെയ്യാൻ അർഹതയുള്ള വോട്ടെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും. അന്നുമുതൽ പത്രിക നൽകാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 20നും പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22നുമാണ്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് തീരും.
പാർലമെന്റിന്റെ ഇരുസഭകളിലെയും 788 അംഗങ്ങൾ ഉൾപ്പെടുന്നതാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ്. എല്ലാവരും പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളായതിനാൽ, ഓരോ എം.പിയുടെയും വോട്ടുമൂല്യം തുല്യമാണ്. അതായത് ഒന്ന്. രഹസ്യ ബാലറ്റിലൂടെയാകും വോട്ടിങ്.
ഈ തെരഞ്ഞെടുപ്പിൽ ഓപൺ വോട്ടിങ് ഇല്ലെന്നും രാഷ്ട്രപതി, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പ്രദർശിപ്പിക്കുന്നത് പൂർണമായും നിരോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ മുന്നറിയിപ്പ് നൽകി. പാർട്ടികൾക്ക് എം.പിമാർക്ക് വിപ്പ് നൽകാനാവില്ല.
ഒരു സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ കുറഞ്ഞത് 20 പേർ നിർദേശകരായും മറ്റ് 20 പേർ പിന്താങ്ങാനും വേണം. ഒരു സ്ഥാനാർഥിക്ക് പരമാവധി നാല് പത്രികകൾ നൽകാം. 15,000 രൂപയാണ് കെട്ടിവെക്കേണ്ട തുക. പാർലമെന്റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.