ജമ്മു-കശ്മീരിൽ പുറത്തുള്ളവർക്ക് വോട്ട്; പ്രതിഷേധം ശക്തം

ശ്രീനഗർ: ജമ്മു-കശ്മീരിൽ സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് വോട്ടവകാശം നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ജമ്മു-കശ്മീർ ചീഫ് ഇലക്ടറൽ ഓഫിസർ ഹിർദേശ് കുമാർ ബുധനാഴ്ച വാർത്തസമ്മേളനം വിളിച്ചാണ് സംസ്ഥാനത്തിന് പുറത്തുള്ളവർ ഉൾപ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടർമാർ ഉണ്ടാകുമെന്ന് അറിയിച്ചത്. ജമ്മു-കശ്മീരിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ഏത് സംസ്ഥാനക്കാർക്കും വോട്ടവകാശത്തിന് അപേക്ഷിക്കാം.

നിലവിൽ ജമ്മു-കശ്മീരിൽ 76 ലക്ഷം വോട്ടർമാരാണുള്ളത്. 20 മുതൽ 25 ലക്ഷംവരെ വരുന്ന പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. നാലുവർഷത്തിലേറെയായി ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ല. അടുത്ത വർഷം തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യമായാണ് സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് ജമ്മു-കശ്മീരിൽ വോട്ടവകാശത്തിന് അവസരമൊരുങ്ങുന്നത്.

സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കശ്മീരികൾ അല്ലാത്തവർക്ക് ഇവിടെ ഭൂമി വാങ്ങാനും ഇപ്പോൾ വോട്ട് ചെയ്യാനും അവകാശം ലഭിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല ആഗസ്റ്റ് 22ന് സർവകക്ഷി യോഗം വിളിച്ചു. ബി.ജെ.പി ഒഴികെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ യോഗമാണ് വിളിച്ചത്.

ബി.ജെ.പി കശ്മീരിനെ പരീക്ഷണശാലയാക്കുകയാണെന്നും ജനങ്ങളുടെ ദൃഢനിശ്ചയത്തെ കീഴടക്കാൻ കഴിയാതെ അവർ ഭരണഘടനവിരുദ്ധമായ കുറുക്കുവഴികൾ തേടുകയാണെന്നും മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തി ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് മാത്രമല്ല പുതിയ തീരുമാനം പ്രത്യാഘാതം സൃഷ്ടിക്കുക. കൂടുതൽ യുവാക്കളെ തോക്കെടുപ്പിക്കാനേ ഇത് ഉപകരിക്കൂ. മുസ്‍ലിംകളെ മാത്രമല്ല ദോഗ്രകളെയും കശ്മീരി പണ്ഡിറ്റുകളെയും ഇത് ബാധിക്കും. നാസി ജർമനിയും ഇസ്രായേലും നടത്തിയ മാതൃകയാണ് ബി.ജെ.പി പയറ്റുന്നത്. എന്നാൽ, അവർ പരാജയപ്പെടുമെന്ന് ഉറപ്പാണെന്ന് മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു.

ഏത് സംസ്ഥാനക്കാർക്കും അംപേക്ഷിക്കാം

ശ്രീനഗർ: 370ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരിൽ ജീവിക്കുന്ന ഇന്ത്യയിലെ ഏത് സംസ്ഥാനക്കാർക്കും വോട്ടവകാശത്തിന് അപേക്ഷിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ. 1950, 51ലെ ജനപ്രാതിനിധ്യ നിയമമാണ് ഇനി ബാധകമാകുക. ഇതനുസരിച്ച് ജോലി, പഠനം തുടങ്ങിയ ഏത് ആവശ്യത്തിനായി താമസിക്കുന്നവർക്കും പ്രായപൂർത്തിയായാൽ വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ അപേക്ഷിക്കാം. മറ്റൊരിടത്തും വോട്ടർപട്ടികയിൽ പേരുണ്ടാകരുതെന്ന് മാത്രമാണ് നിബന്ധന. 370ാം വകുപ്പ് നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ 1957ലെ കശ്മീർ ജനപ്രാതിനിധ്യ നിയമമായിരുന്നു ബാധകം. ഇതനുസരിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശത്തിന് കശ്മീരികൾക്ക് മാത്രമായിരുന്നു അർഹത. അതേസമയം, നോൺ പെർമനന്റ് റെസിഡന്റ് (എൻ.പി.ആർ) വോട്ടർ വിഭാഗത്തിൽ ഉൾപ്പെടുത്തി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 32,000 എൻ.പി.ആർ വോട്ടർമാരുണ്ടായിരുന്നു.

Tags:    
News Summary - Vote for outsiders in Jammu and Kashmir; The protest is strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.