വിമാനത്തിൽ അനുമതിയില്ല, ബാറ്ററി വരുന്നത് ട്രെയിനിൽ; 'ഐബോഡ്' തിരച്ചിൽ വൈകും; യന്ത്ര തകരാറിൽ വഴിയിൽ കുടുങ്ങി ബൂം എക്സ്കവേറ്ററും

ഷിരൂർ: കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നു. ഗംഗാവാലി പുഴയിൽ 'ഐബോഡ്' സാങ്കേതിക സംവിധാനം ഉപയോഗിച്ച് ഇന്ന് തിരച്ചിൽ നടത്തുമെന്നാണ് നേരത്തെ സൈന്യം പറഞ്ഞിരുന്നെങ്കിലും നാളെ (വ്യാഴം) ഉച്ചയോടെയേ സംവിധാനം ഉപയോഗിക്കാനാകൂവെന്നാണ് ലഭിക്കുന്ന വിവരം.

ഐബോഡ്( ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍) ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം. വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിക്കാത്തതിനാൽ ബാറ്ററി രാജധാനി എക്‌സ്പ്രസിലാണ് കൊണ്ടുവരുന്നത്. വ്യാഴാഴ്ച ഉച്ചയോടെയേ ഷിരൂരിൽ എത്തൂവെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഈ അത്യാധുനികമായ ഈ സ്കാനർ സംവിധാനം ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ്. കഴിഞ്ഞവർഷത്തെ സിക്കിം പ്രളയത്തില്‍ തെരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്. 17 മനുഷ്യശരീരങ്ങളും 36 വാഹനങ്ങളും ഇത് ഉപയോഗിച്ച് കണ്ടെത്തിയിരുന്നു.

അതേ സമയം, തിരച്ചിലിന് വേണ്ടി എത്തിക്കുമെന്ന് അറിയിച്ചിരുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമായ ബൂം എക്സ്കവേറ്റർ വഴിയിൽ കുടുങ്ങി. യന്ത്രം കൊണ്ടുവരുന്ന വാഹനം ഹുബ്ബള്ളി കാര്‍വാര്‍ പാതയില്‍ യെല്ലാപുരയില്‍വെച്ച് തകരാറിലായി. ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. പ്രശ്നം പരിഹരിച്ച് ഉടൻ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും തിരച്ചിൽ തുടങ്ങാൻ വൈകാനാണ് സാധ്യത.

മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകുന്നുണ്ട്. അതേസമയം, രക്ഷാപ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് കർണാടക സർക്കാർ കർണാടക ഹൈകോടതിയിൽ വ്യക്തമാക്കി. അർജുനെ കാണാതായെന്നു പരാതി കിട്ടിയ ഉടൻ തിരച്ചിൽ തുടങ്ങി. 19ന് രാത്രി പരാതി കിട്ടി, 20ന് കരയിൽ അർജുനായി തിരച്ചിൽ തുടങ്ങിയെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

Tags:    
News Summary - Landslides in Shiroor; The search for the missing continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.