ഹർജീന്ദർ സിങ് ധാമി
അമൃത്സർ: ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് ഗുരുദ്വാരകളുടെ പരമോന്നത സ്ഥാപനമായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിക്കാതെയാണ് ബിൽ അവതരിപ്പിച്ചതെന്നും ന്യൂനപക്ഷ അവകാശങ്ങൾ വെട്ടിക്കുറക്കാനും സ്വന്തം അജണ്ട പ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്യാനും സർക്കാർ ഉദ്ദേശിക്കുന്നതായി തോന്നുന്നുവെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹർജീന്ദർ സിങ് ധാമി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എസ്.ജി.പി.സി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ സമുദായങ്ങൾക്ക് എതിരായ ഏതൊരു തീരുമാനത്തെയും എതിർക്കുമെന്നും ഹർജീന്ദർ സിങ് ഊന്നിപ്പറഞ്ഞു. ഏകീകൃത സിവിൽ കോഡ് പോലുള്ള നടപടികളിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ കേന്ദ്രം മുമ്പ് ശ്രമിച്ചിട്ടുണ്ടെന്നും അത് വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിലും മതവിശ്വാസങ്ങളിലും നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷത്തിന്‍റെ കാര്യങ്ങളിൽ അവരുമായി കൂടിയാലോചിക്കാതെ ഇടപെടുന്നതിൽ നിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് എസ്.ജി.പി.സി പ്രസിഡന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ പൈതൃകവും മതസ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള പൂർണ അവകാശമുണ്ടെന്നും വഖഫ് ഭേദഗതി ബിൽ പോലുള്ള നിയമങ്ങൾ ഈ അവകാശങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം നിയമനിർമാണം ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഹർജീന്ദർ സിങ് ധാമി നൽകി.
നിർദിഷ്ട നിയമനിർമാണം മുസ് ലിംകൾക്ക് എതിരല്ലെന്നും അവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും മറിച്ച് വഖഫ് സ്വത്തുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സങ്കീർണതകൾ പരിഹരിക്കാനും സുതാര്യത ഉറപ്പാക്കാനും ശ്രമിക്കുന്നുവെന്നും അവകാശപ്പെട്ടാണ് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ വഖഫ് ഭേദഗതി അവതരിപ്പിച്ചത്.
12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ഏപ്രിൽ രണ്ടിന് അർധരാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു. രാജ്യത്തെ മുസ്‍ലിം സമൂഹത്തിന്റെ ആശങ്കയും ആകുലതകളും അവഗണിച്ച് പാർലമെന്‍ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ എല്ലാം നിലനിർത്തിയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.