ന്യൂഡൽഹി: “ഈ മെഡൽ എനിക്ക് വേണ്ട. ഞങ്ങളുടെ പെങ്ങന്മാരും പെൺമക്കളും സുരക്ഷിതരല്ലാത്ത ഇവിടെ ഈ മെഡലുകൾ കൊണ്ട് ഞങ്ങൾ എന്ത് ചെയ്യാനാണ്? ഗുസ്തിക്കാരോട് ഇങ്ങനെയാണ് സർക്കാർ പെരുമാറുന്നതെങ്കിൽ, എല്ലാ മെഡലുകളും അവാർഡുകളും ഇന്ത്യൻ സർക്കാരിന് തിരികെ നൽകാം. പകരം ഞങ്ങൾ ഒരു സാധാരണ ജീവിതം നയിക്കാം” -വാക്കുകൾ ഇടറി, ഗദ്ഗദ കണ്ഠനായി ഇത് പറയുന്നത് ലോക ഗുസ്തി ഗോദയിൽ ഇന്ത്യയുടെ അഭിമാന താരവും ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ ബജ്‌റങ് പുനിയ.
ലൈംഗിക പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങളെ ഇന്നലെ ഡൽഹി പൊലീസ് ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. “പൊലീസ് ഞങ്ങളെ തളർത്തുകയും അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. ഞങ്ങൾ പത്മശ്രീ അവാർഡ് ജേതാവാണെന്ന് അവർ പരിഗണിക്കുന്നില്ല. ഞാൻ മാത്രമല്ല, സാക്ഷി മാലിക്കും ഇതിനിരയായി. അവർ ഞങ്ങളോട് മോശമായി പെരുമാറുന്നു. ഞങ്ങളുടെ പെങ്ങൻമാരും പെൺമക്കളും സുരക്ഷിതരല്ല. അവർ തെരുവിൽ ഇരുന്നു ദയയ്‌ക്കായി യാചിക്കുന്നു. എന്നാൽ, നീതി ലഭ്യമാക്കാൻ ആരും മെനക്കെടുന്നില്ല’ -അദ്ദേഹം പറഞ്ഞു.
“മെഡലുകൾ നിങ്ങൾ എടുത്തോളൂ. ഞങ്ങൾ അത്രയേറെ അപമാനിക്കപ്പെട്ടിരിക്കുന്നു. അഭിമാനം സംരക്ഷിക്കാനാണ് ഞങ്ങൾ പോരാടുന്നത്. പക്ഷേ ഞങ്ങൾ അവരുടെ കാൽക്കീഴിൽ ചതഞ്ഞരയുകയാണ്. സ്ത്രീകളെ പീഡിപ്പിക്കാൻ ഇവിടെ ആർക്കെങ്കിലും അവകാശമുണ്ടോ?- ഖേൽരത്‌ന അവാർഡ് ജേതാവായ വിനേഷ് ഫോഗട്ട് ചോദിച്ചു. ഇന്നലെ പൊലീസ് അതിക്രമത്തിൽ വിനേഷിന്റെ സഹോദരന് പരിക്കേറ്റിരുന്നു. "ഞങ്ങൾ ഞങ്ങളുടെ എല്ലാ മെഡലുകളും തിരികെ നൽകും, വേണമെങ്കിൽ ഞങ്ങളുടെ ജീവൻ പോലും നൽകാം. പക്ഷേ, ഞങ്ങൾക്ക് നീതി ലഭ്യമാക്കണം" -അവർ പറഞ്ഞു.
ബി.ജെ.പി എംപിയായ ബ്രിജ് ഭൂഷൺ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ പദവി ദുരുപയോഗം ചെയ്ത്, പ്രായപൂർത്തിയാകാത്ത ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഗുസ്തി താരങ്ങൾ ദേശീയ തലസ്ഥാനത്ത് ജന്ദർ മന്ദിറിൽ പന്തൽ കെട്ടി സമരത്തിലാണ്.
സമരപ്പന്തലിലെ കിടക്കകൾ ഇന്നലെ മഴയിൽ നനഞ്ഞതിനെ തുടർന്ന്, പകരം കിടക്കകളും കട്ടിലും കൊണ്ടുവന്നത് ഡൽഹി പൊലീസ് തടഞ്ഞതാണ് ഇന്നലെ പൊലീസ് അതിക്രമത്തിൽ കലാശിച്ചത്. രാത്രി 11 മണിക്ക് ഡൽഹി പൊലീസ് താരങ്ങളെ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.