ഡൽഹി വിജയ്​ ചൗക്കിൽ ‘വി ഇന്ത്യ @ 75’ കാമ്പയിൻ മുദ്രാവാക്യവുമായി മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, എം.പിമാരായ ജോൺ ബ്രിട്ടാസ്​, എം.പി. അബ്​ദുസ്സമദ്​ സമദാനി, മാധ്യമം ചിഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ, എം.പിമാരായ ശശി തരൂർ, എൻ.കെ. പ്രേമച​ന്ദ്രൻ, എം.വി. ശ്രേയാംസ്​കുമാർ, തോമസ്​ ചാഴിക്കാടൻ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, ജോയൻറ്​ എഡിറ്റർ പി.​െഎ. നൗഷാദ്​ എന്നിവർ

സ്വാതന്ത്ര്യ വിഹായസ്സിൽ പ്രത്യാശയുടെ ചിറകടി

ഡൽഹിയിലെ വിജയ് ചൗക്ക് ഒരു പ്രതീകമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമേൽ സഹനസമരത്തിലൂടെ ഇന്ത്യൻ ജനത കൈവരിച്ച സ്വാതന്ത്ര്യം വിളിച്ചോതുന്ന വിജയ ചത്വരം. ഒരു രാജ്യത്തിെൻറ രാഷ്​ട്രീയവും അധികാരവും അഭിലാഷവുമെല്ലാം സ്പന്ദിക്കുന്ന നാഡീഞരമ്പുകൾ സംഗമിക്കുന്ന ഇടം.

ജനാധിപത്യവും പരമാധികാരവും അലിഞ്ഞുകിടക്കുന്ന മണ്ണ്. അവിടെനിന്ന് മുന്നിലേക്കു നോക്കിയാൽ, വിശാലമായ പുൽത്തകിടികൾക്കും മൂന്നു കിലോമീറ്റർ അപ്പുറം ഇന്ത്യ ഗേറ്റ്; രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത ധീരസൈനികരുടെ സ്മാരകം. പിന്നിൽ, റെയ്സിന കുന്നിൽ രാഷ്​ട്രപതിഭവൻ; സാമ്രാജ്യത്വത്തെയും വൈസ്രോയിയെയും ഒരു ജനത പോരാട്ടവീര്യംകൊണ്ട് കെട്ടുകെട്ടിച്ചതിെൻറ സ്മാരകം. ഇരുവശത്തുമായി, അതിപ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന സൗത്ത്, നോർത്ത് ബ്ലോക്കുകൾ.

രാഷ്​ട്രപതിഭവൻ അങ്കണത്തിൽനിന്ന് ഇന്ത്യ ഗേറ്റിലേക്ക് നീളുന്ന മൂന്നര കിലോമീറ്റർ വരുന്ന രാജ്പഥ് എന്ന രാജപാതയിലാണ്, ഇന്ത്യയുടെ കരുത്തും വൈവിധ്യവും എടുത്തുകാട്ടുന്ന റിപ്പബ്ലിക്ദിന പരേഡ്. വിജയ് ചൗക്കിന് ഇടതുവശം, നിയമനിർമാണത്തിെൻറ പരമാധികാരവേദിയായ പാർലമെൻറ് മന്ദിരം. രാജപാതയും പാർലമെൻറ് റോഡും വിജയ് ചൗക്കിൽ സംഗമിക്കുന്നു. രാജ്യത്തിെൻറ പരമാധികാര വിളംബരം വർഷാവർഷം ആവർത്തിക്കുന്ന റിപ്പബ്ലിക്ദിന പരേഡിനുശേഷം സൈന്യം പിൻവാങ്ങുന്ന ബീറ്റിങ് റിട്രീറ്റ് രാഷ്​ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിധ്യത്തിൽ അരങ്ങേറുന്നത് വിജയ് ചൗക്കിലാണ്.

എല്ലാം, ഏഴര പതിറ്റാണ്ടായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രൗഢിയുടെ പതിവുകാഴ്ചകൾ. സ്വാതന്ത്ര്യം 75ൽ എത്തിയപ്പോൾ, രാജപാതയും പുൽത്തകിടിയും ചരിത്രവും സ്മാരകവുമെല്ലാം കുത്തിമറിച്ച്, എല്ലാം കെട്ടിയടച്ച്, പുതിയ പാർലമെൻറ് മന്ദിരം അടക്കം വൻകിട നവനിർമാണങ്ങൾ അതിവേഗം പുരോഗമിക്കുന്നത് മറ്റൊരു കഥ. പുതിയ ഇന്ത്യയുടെയും പുതിയ ചരിത്രത്തിെൻറയും നിർമാണങ്ങൾക്ക് പഴയ പ്രൗഢിയും പെരുമയും മായ്ച്ചു മറച്ചുകളയാനാവുമോ?

75 വർഷങ്ങൾക്കുമുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചുയർന്നപ്പോൾ വിജയ് ചൗക്കിൽ ഒത്തുകൂടിയത് പതിനായിരങ്ങളാണ്. അവരുടെ നെഞ്ചകം നിറയെ ആവേശമായിരുന്നു: ഈ നാട് ഇനി, നമ്മുടെ ഇന്ത്യ. പുതിയ ആകാശം, പുതിയ ഭൂമി, പുതിയ പ്രതീക്ഷകൾ. അതൊരു വെള്ളിയാഴ്ച. 1947 ആഗസ്​റ്റ്​ 15െൻറ പുലരി. നടന്നും സൈക്കിളിലുമൊക്കെയായി വിജയ് ചൗക്കിൽ തടിച്ചുകൂടിയവർ റെയ്സിന കുന്നിലെയും പാർലമെൻറ് മന്ദിരത്തിെൻറയുമൊക്കെ കൽപടവുകൾ ചവിട്ടി പുതിയ മുന്നേറ്റത്തിെൻറ ആഹ്ലാദം പങ്കുവെച്ചു.

ആ​േൻറാ ആൻറണി, ടി. ആരിഫലി, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, ഒ. അബ്​ദുറഹ്​മാൻ 

നീണ്ട സഹനസമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിെൻറ ആവേശം സൗത്ത്, നോർത്ത് ബ്ലോക്കുകളുടെ കുംഭഗോപുരങ്ങൾക്കരികിലേക്ക് കയറിനിന്ന് അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. അവരെ നിയന്ത്രിക്കാൻ ആരും ഉണ്ടായിരുന്നില്ല. നേതാക്കൾക്ക് ജനങ്ങളെയും, ജനങ്ങൾക്ക് നേതാക്കളെയും വിശ്വാസമായിരുന്ന കാലം. 2021ൽ എത്തിനിൽക്കുേമ്പാൾ അധികാരത്തിെൻറ സിരാകേന്ദ്രം നിത്യവും കനത്ത സുരക്ഷാ വലയത്തിലാണ്; നിതാന്ത ജാഗ്രതയിലാണ്. പെരുകുന്ന സുരക്ഷാ ഉൾപ്പേടികൾക്കൊത്ത് നിർമിക്കുന്ന പുതിയ കോട്ടകൊത്തളങ്ങൾ; വേലിക്കെട്ടുകൾ. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ, ജനവും ജനവും തമ്മിൽ അകലം വർധിച്ചുകൊണ്ടേയിരിക്കുന്ന ജനാധിപത്യ വൈപരീത്യത്തിെൻറ കഥയും സ്വാതന്ത്ര്യത്തിെൻറ പുതിയ വാർഷിക വേളകളിൽ ആശങ്കയോടെ ചർച്ച ​െചയ്യപ്പെടുന്നുണ്ട്. ഭരണം സ്വേഛാപരമാവുന്നു.

ഭരണഘടന സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുന്നു. വിയോജിപ്പും പ്രതിഷേധവും അധികാരികൾക്ക് അസഹനീയമാവുന്നു. വിലക്കുകളും നിരീക്ഷണങ്ങളുമെല്ലാം ഏറിവരുന്നു. ജനാഭിലാഷങ്ങളെ രാഷ്​ട്രീയ അജണ്ടകൾ അട്ടിമറിക്കുന്നു. അത്തരം സഹനങ്ങൾക്കിടയിൽ, ഏഴര പതിറ്റാണ്ടുകൾക്കിപ്പുറവും ജനതയെ ഭരിക്കുന്നത് സ്വാതന്ത്ര്യത്തിെൻറ മൂല്യബോധമാണ്. ത്യാഗംകൊണ്ട് നേടിയ സ്വാതന്ത്ര്യബോധം ഇന്നും എന്നും തലമുറകളിലേക്ക് കൈമാറുന്ന കെടാവിളക്ക്. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമായ ഒരു കറുത്ത കാലത്തിെൻറ ഓർമ പേറുന്ന ജനതക്ക്, സ്വാതന്ത്ര്യം തന്നെ അമൃതം.

സ്വാതന്ത്ര്യത്തിെൻറ സന്ദേശവും വികാരവും ജ്വലിപ്പിച്ച് പുതുതലമുറക്ക് കൈമാറാൻ പുതിയൊരു അവസരമായി 75ാം വാർഷികം കടന്നുവരുേമ്പാൾ, ഒരു വർഷം നീളുന്ന വിവിധ പരിപാടികൾക്കാണ് മാധ്യമം തുടക്കമിടുന്നത്. 'വി ഇന്ത്യ @ 75, അമൃതം ആസാദി' എന്ന പ്രമേയവുമായി ഡൽഹിയിൽ സ്മരണകൾ ഇരമ്പുന്ന വിജയ് ചൗക്കിെൻറ പശ്ചാത്തലത്തിൽ മാധ്യമം സംഘടിപ്പിച്ച ഒത്തുചേരൽ അതിലൊന്നായി.

ദേശീയപതാകയും ഭരണഘടനയുടെ ആമുഖവും ഏറ്റുവാങ്ങുന്ന കുട്ടികൾ

രാജ്യത്തിെൻറ നിയമനിർമാണ സഭയിലേക്ക് കേരളം തെരഞ്ഞെടുത്തയച്ചവരുടെ പ്രതിനിധികളായി ശശി തരൂർ (കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സി.പി.എം), ഡോ. എം.പി. അബ്​ദുസ്സമദ് സമദാനി (മുസ്​ലിംലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), എം.വി. ശ്രേയാംസ് കുമാർ (ലോക്​ താന്ത്രിക് ജനതാദൾ), തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ്) എന്നിവരാണ് എത്തിയത്. അവർ, ഇന്ത്യയെന്ന ആശയം ഉണർത്തുന്ന പ്രതീക്ഷകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആഴത്തിൽ പറയാനുണ്ടായിരുന്നു.

മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്​ദുറഹ്മാൻ, എഡിറ്റർ വി.എം. ഇബ്രാഹീം, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ്, ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ് എന്നിവരും സംഭാഷണത്തിൽ പങ്കാളികളായി. തുടർന്ന്, പാർലമെൻറ് അംഗങ്ങളും മാധ്യമം സാരഥികളും 'വി ഇന്ത്യ' എന്ന പ്രമേയത്തിെൻറ സന്ദേശവാഹകരായി അണിനിരന്നു. സ്വാതന്ത്ര്യബോധത്തിെൻറ, ഇന്ത്യയെന്ന ആശയത്തിെൻറ, പുതിയ പ്രതീക്ഷകളുടെ അനന്ത വിഹായസ്സിലേക്ക് പ്രതീകാത്മകമായി വെള്ളരിപ്രാവുകൾ ചിറകടിച്ചുയർന്ന സായാഹ്നംകൂടിയായി അത്.  


Full View

Tags:    
News Summary - WE INDIA amrutham azadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.