'ഞങ്ങൾക്ക് നീതി വേണം'; കശ്മീരിൽ മൂന്ന് യുവാക്കളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് ബന്ധുക്കൾ

ശ്രീനഗർ: കശ്മീരിൽ ഭീകരരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തിൽ വ്യാജ ഏറ്റുമുട്ടൽ ആരോപണവുമായി ബന്ധുക്കൾ. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഡിസംബർ 30നാണ് മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസ് അവകാശപ്പെട്ടത്.

ഡിസംബർ 29ന് വൈകീട്ടാണ് ഭീകരരെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. തെരച്ചിലിനിടെ സൈന്യത്തിന് നേരെ ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസും സി.ആർ.പി.എഫും എത്തി തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. 30ന് രാവിലെ 11.30ഓടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.

അജാസ് മഖ്ബൂൽ ഖാനി, അതർ മുഷ്താഖ് വാനി, സുബൈർ അഹ്മദ് ലോണി എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരനായ അതർ മുഷ്താഖ് വാനി 11ാം ക്ലാസ് വിദ്യാർഥി കൂടിയാണ്.

എ.കെ 47 തോക്കുകളും വെടിക്കോപ്പുകളും ചില രേഖകളും കൊല്ലപ്പെട്ടവരിൽ നിന്ന് കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. ദേശീയപാതയിൽ വലിയ ആക്രമണത്തിന് തീവ്രവാദികൾ തയാറെടുക്കുകയായിരുന്നുവെന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് കമാൻഡിങ് ഓഫിസർ പറഞ്ഞിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇവരാരും ഭീകരരല്ലെന്നും സാധാരണക്കാരാണെന്നും ബന്ധുക്കൾ പറഞ്ഞു.

ഡിസംബർ 29ന് വീടുകളിൽ നിന്ന് ഇറങ്ങിയതാണ് യുവാക്കൾ. പിന്നീട് ഇവർ കൊല്ലപ്പെട്ട വിവരമാണ് വീട്ടുകാർക്ക് ലഭിക്കുന്നത്. 29ന് വൈകീട്ട് മൂവരും വീടുകളിലേക്ക് വിളിച്ച് വരാൻ വൈകുമെന്നും ചിലപ്പോൾ അടുത്ത ദിവസം രാവിലെയേ എത്തൂവെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ഫോണുകൾ ഓഫായി.

തന്‍റെ മകന് 11ാം ക്ലാസിലെ അവസാന പരീക്ഷയായിരുന്നു കഴിഞ്ഞ ദിവസമെന്ന് കൊല്ലപ്പെട്ട അതർ മുഷ്താഖ് വാനിയുടെ പിതാവ് മുഷ്താഖ് അഹ്മദ് വാനി പറഞ്ഞു. ഒരു ദിവസം കൊണ്ട് അവൻ എങ്ങനെ ഭീകരനായി മാറും? 29ന് ഉച്ചക്ക് ശേഷമാണ് അതർ വാനി വീട്ടിൽ നിന്ന് ഇറങ്ങിയത്. താൻ ശ്രീനഗറിലേക്ക് പോവുകയാണെന്ന് അതർ സഹോദരിയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. രാത്രി അതറിനെ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. രാവിലെ മുഷ്താഖ് ശ്രീനഗറിലേക്ക് തിരിക്കുമ്പോഴാണ് പൊലീസിന്‍റെ വിളി വന്നത്.

തന്‍റെ മകൻ പ്രായത്തിൽ കവിഞ്ഞ ഉത്തരവാദിത്തബോധമുള്ള ആളായിരുന്നെന്ന് മുഷ്താഖ് പറയുന്നു. കോവിഡ് സമയത്ത് താൻ വീട്ടിലില്ലാതിരുന്ന രണ്ട് മാസം എല്ലാ കാര്യങ്ങളും നോക്കിനടത്തിയത് മകനായിരുന്നു.

ഏറ്റുമുട്ടലിനിടെ കീഴടങ്ങാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ, അക്കാര്യം കുടുംബങ്ങളെ അറിയിച്ചിരുന്നെങ്കിൽ തങ്ങൾ എത്തി അവരെ ജീവനോടെ കൊണ്ടുവരുമായിരുന്നെന്ന് മുഷ്താഖ് പറയുന്നു.

സമാനമായ സംഭവങ്ങളാണ് കൊല്ലപ്പെട്ട സുബൈർ അഹമ്മദ് ലോണി (23), അജാസ് മഖ്ബൂൽ ഗാനി (20) എന്നിവരുടെ കുടുംബത്തിനും പറയാനുള്ളത്. പൊലീസിന്‍റെ അവകാശവാദമല്ലാതെ ഇവർ ഭീകരരാണെന്നതിന് മറ്റെന്താണ് തെളിവുള്ളതെന്ന് ഇവർ ചോദിക്കുന്നു.

ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിലെ ലവായ്പുരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൂവരും ഉണ്ടായിരുന്നത്. എന്നാൽ, ഏറ്റുമുട്ടലിനെ കുറിച്ച് പ്രദേശവാസികൾക്ക് കൂടുതൽ വിവരമില്ല. സാധാരണ ഏറെ സമയം നീണ്ടുനിൽക്കുന്ന ഏറ്റമുട്ടലുകളിൽ സമീപവാസികളെ ഒഴിപ്പിക്കാറുണ്ട്. എന്നാൽ, ഡിസംബർ 29ന് അത്തരത്തിലുള്ള യാതൊരു നിർദേശവും സമീപവാസികൾക്ക് ലഭിച്ചിരുന്നില്ല. കൊല്ലപ്പെട്ടവർക്ക് കീഴടങ്ങാൻ അനൗൺസ്മെന്‍റ് നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇതും ആരും കേട്ടിട്ടില്ല.

കശ്മീരിൽ കഴിഞ്ഞ ജൂൺ മാസത്തിൽ മൂന്ന് യുവാക്കളെ ഭീകരരെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് സൈനിക ഓഫിസർ അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം നൽകിയത്. രജൗറി ജില്ലയിൽ നിന്ന് തൊഴിലന്വേഷിച്ച് എത്തിയ മൂന്ന് ചെറുപ്പക്കാരെയാണ് പാക് ഭീകരരെന്ന് ആരോപിച്ച് കൊലപ്പെടുത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായും സൈന്യം അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - ‘We want justice’: Families of three young Kashmiris dispute official version of a deadly shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.