ഔറംഗസേബിന്റെ ഖബറിടത്തിൽ പുഷ്പാർച്ചന നടത്തി പ്രകാശ് അംബേദ്കർ: ‘അദ്ദേഹം 50 വർഷം രാജ്യം ഭരിച്ച ചക്രവർത്തി, ചരിത്രം തുടച്ചുമാറ്റാനാകുമോ?’

ഔറംഗബാദ്: ഔറംഗസേബ് 50 വർഷം നമ്മുടെ രാജ്യം ഭരിച്ച മുഗൾ ചക്രവർത്തിയാണെന്നും അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്നും വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) പ്രസിഡന്റും മുതിർന്ന ദലിത് നേതാവുമായ പ്രകാശ് അംബേദ്കർ. അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നതിന് പകരം എല്ലാവരും ചരിത്രത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു. ഔറംഗബാദിലെ ഔറംഗസേബ് സ്മാരകം സന്ദർശിച്ച് ഖബറിടത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഔറംഗസേബ് സ്മാരകം സന്ദർശിക്കുന്നതിൽ എന്താണ് തെറ്റ്? 50 വർഷം ഇവിടെ ഭരിച്ച മുഗൾ ചക്രവർത്തിയായിരുന്നു അദ്ദേഹം. നമുക്ക് ചരിത്രം തുടച്ചുമാറ്റാൻ കഴിയുമോ? ഔറംഗസേബിനെ അധിക്ഷേപിക്കുന്നതിനുപകരം അദ്ദേഹം എങ്ങിനെയാണ് ഇവിടെ ഭരിച്ചതെന്ന് നാം ചിന്തിക്കണം. എന്തായിരുന്നു കാരണം... നമ്മുടെ ഭൂതകാലത്തെക്കുറിച്ച് നാം ഓർക്കണം. വിദ്വേഷം പടർത്തുന്നതിനുപകരം നമുക്ക് വസ്തുതകളെ ചരിത്രപരമായി മനസ്സിലാക്കാം’ -അദ്ദേഹം പറഞ്ഞു.

ഔറംഗസേബിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ മഹാരാഷ്ട്രയിൽ മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് പ്രകാശ് അംബേദ്കറിന്റെ ഇടപെടൽ. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഈ വിവാദം അവസാനിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധവ് വിഭാഗം ശിവസേനയുമായുള്ള വഞ്ചിത് ബഹുജൻ അഘാഡി പാർട്ടിയുടെ സഖ്യത്തെ ഈ സന്ദർശനം പ്രതികൂലമായി ബാധിക്കില്ലെന്നും അംബേദ്കർ പറഞ്ഞു.

അതിനിടെ, ഔറംഗസേബിനെ അനുകൂലിച്ച്​ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന്‍റെ പേരിൽ അറസ്റ്റിലായ മുസ്​ലിം യുവാവി​നെയും ​കുടുംബത്തെയും നാടുകടത്തണം എന്ന ആവശ്യവുമായി ഹിന്ദുത്വ തീവ്രവാദ സംഘടനകൾ രംഗത്തുവന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച്​ ഹിന്ദുത്വ ഗ്രൂപ്പുകൾ സവർദെ ഗ്രാമത്തിൽ റാലി നടത്തി. ഔറംഗബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ടാണ്​ മുഹമ്മദ്​ മുഅ്​മിൻ എന്ന യുവാവ്​ മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ചിത്രം വാട്​സാപ്പ്​ സ്റ്റാറ്റസ്​ ആക്കിയത്​. ഇത്​ ഹിന്ദുത്വ തീവ്രവാദ സംഘടനകളും തീവ്ര വലതുപക്ഷ മാധ്യമങ്ങളും വലിയ വാർത്തയാക്കുകയായിരുന്നു. മുഅ്​മിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്​ ഹിന്ദുത്വവാദികൾ കുത്തിയിരുപ്പ്​ സമരം അടക്കം നടത്തിയിരുന്നു.

ഗ്രാമത്തിലെ സർപഞ്ച് മുഅ്​മിന്റെ കുടുംബത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ബൈക്ക് റാലി നടത്തി. കുടുംബം എന്നെന്നേക്കുമായി ഗ്രാമം വിട്ടുപോകണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു. മുഅ്​മിന്റെ ബന്ധുവിന്റെ പഞ്ചസാര ചാക്ക് ഗോഡൗണും ടെമ്പോയും കത്തിച്ചു. തുടർന്ന് മുഅ്​മിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് വഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ പ്രകടനവും നടത്തിയിരുന്നു. 

Tags:    
News Summary - “What’s wrong in visiting…? Can we wipe out history?” asks Prakash Ambedkar after visiting Aurangzeb’s grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.