ന്യൂഡൽഹി: മധ്യവർഗ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രഖ്യാപനത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മൂന്നാം മോദി സർക്കാർ മുൻ സർക്കാറുകളെക്കാൾ മൂന്നിരട്ടി വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും അവർ അവകാശപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷം ഇരുസഭകളും വെവ്വേറെ സമ്മേളിച്ചപ്പോൾ ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വെച്ചു.
സെൻട്രൽ ഹാളില്ലാത്ത പുതിയ പാർലമെന്റിന്റെ ലോക്സഭയിലാണ് ഇരുസഭകളുടെയും എം.പിമാരെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്. മഹാകുംഭമേളയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമർപ്പിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയപ്പോൾ ആരാണ് അതിനുത്തരവാദിയെന്ന് പ്രതിപക്ഷ എം.പിമാർ ചോദിക്കുന്നുണ്ടായിരുന്നു.
ബജറ്റിന്റെ മുന്നോടിയായി പുതിയ വാഗ്ദാനങ്ങളൊന്നും നടത്താതിരുന്ന രാഷ്ട്രപതി ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്, വഖഫ് ബില്‍ എന്നിവ സര്‍ക്കാര്‍ ഏറ്റെടുത്ത വലിയ പരിഷ്കാരങ്ങളാണെന്ന് പറഞ്ഞു. സാധാരണക്കാരായ മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കാൻ തീരുമാനിച്ചതാണ്.
യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തും. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുമെന്ന സർക്കാറിന്റെ പതിവ് പ്രഖ്യാപനവും രാഷ്ട്രപതി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.