മഹാ വികാസ് അ​ഘാഡിക്കൊപ്പം ചേരാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് പ്രകാശ് അംബേദ്കർ

മുംബൈ: മഹാ വികാസ് അ​ഘാഡിക്കൊപ്പം ചേരാൻ ആ​ഗ്രഹം പ്രകടമാക്കി വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റും മുൻ ലോക്സഭാ എം.പിയുമായ പ്രകാശ് അംബേദ്കർ. കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർ​​ഗെയ്ക്കും ഇൻഡ്യ സഖ്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് അദ്ദേഹം കത്ത് കൈമാറിയിരുന്നു.

മഹാരാഷ്ട്രയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ എല്ലാ പാർട്ടികൾക്കും 12 സീറ്റ് നൽകുക എന്ന തന്റെ നിർദ്ദിഷ്ട ഫോർമുലയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കത്തിൽ പരാമർശിക്കുന്നുണ്ട്. 2024ൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും പുറത്താക്കേണ്ടതിന്റെ ആവശ്യകത വ്യക്തമായതിനാലാണ് എല്ലാ പാർട്ടികൾക്കും അം​ഗീകരിക്കാനാവുന്ന വിധം ഫോർമുല നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2024ൽ‌ മോദിയെ പുറത്താക്കുക മാത്രമായിരിക്കണം എം.വി.എയുടെ ലക്ഷ്യം. മഹാ വികാസ് അഘാഡിയുടെ ഭാ​ഗമായ ശിവസേന (യു.ബി.ടി), കോൺ​ഗ്രസ്, നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി എന്നീ പാർട്ടികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്നത് വി.ബി.എയുടെ ആ​ഗ്രഹമാണെന്നും തുല്യ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടാൻ തയ്യാറാകണമെന്നും പ്രകാശ് അംബേദകർ പറഞ്ഞു.

നേരത്തെ ഇൻഡ്യ സഖ്യത്തിനൊപ്പം ചേരാൻ താത്പര്യം പ്രകടിപ്പിച്ച് പ്രകാശ് അംബേദ്കർ‌ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെക്ക് കത്ത് കൈമാറിയിരുന്നു. എന്നാൽ കത്തിന് തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും ക്ഷണത്തിനായി കാത്തിരിക്കുമെന്നും പ്രകാശ് പിന്നീട് വ്യക്തമാക്കിയിരുന്നു.

48 സീറ്റിൽ 23 സീറ്റുകളായിരുന്നു മഹാരാഷ്ട്രയിൽ ശിവസേന (യു.ബി.ടി) ആവശ്യപ്പെട്ടത്. എന്നാൽ സീറ്റ് വിഭജനം ഏറെ ദുഷ്കരമാണെന്നും കൃത്യമായ ചർച്ച ആവശ്യമാണെന്നുമായിരുന്നു കോൺ​ഗ്രസിന്റെ പ്രതികരണം. ബി.ജെ.പിയെ പുറത്താക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യമെങ്കിൽ അതിനായി പോരാടണമെന്നും ഉൾപ്പാർട്ടി പോര് അവസാനിപ്പിക്കണമെന്നുമായിരുന്നു വിഷയത്തിൽ കോൺ​​ഗ്രസ് നേതാവ് സഞ്ജയ് നിരുപമിന്റെ പരാമർശം.

Tags:    
News Summary - Wish to join hands with MVA says Prakash Ambedkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.