മംഗളൂരു: ഓൺലൈനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ ഉള്ളാൾ സ്വദേശിയായ യുവാവിന് നഷ്ടം 32 ലക്ഷം രൂപ. ഹോട്ടലുകൾക്ക് റേറ്റിങ് നൽകൽ പോലെ ലളിതമായ ജോലികൾ ചെയ്താൽ വൻ തുക ശമ്പളം നേടാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് യുവാവ് തട്ടിപ്പിനിരയായത്.
ഫെബ്രുവരി 26ന് ടെലഗ്രാമിലൂടെയാണ് യുവാവിന് ജോലി വാഗ്ദാനവുമായി മെസ്സേജ് ലഭിച്ചത്. മാൻവി എന്നയാളാണ് മെസ്സേജ് അയച്ചത്. പാർട്ട് ടൈം ജോലി ഓഫർ സംബന്ധിച്ചായിരുന്നു അറിയിപ്പ്. ഹോട്ടൽ റേറ്റിങ്ങുകൾ നൽകുന്നത് പോലുള്ള ലളിതമായ ജോലികൾ ചെയ്ത് പണം സമ്പാദിക്കാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ 10,000 രൂപ അടക്കേണ്ടിവരുമെന്നും അറിയിച്ചു.
മാർച്ച് 10ന് യുവാവ് അശോക് ദത്തർവാൾ എന്നയാളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 'ജോലി' തുടങ്ങി. ഒരു ടാസ്‌ക് പൂർത്തിയാക്കിയപ്പോൾ 17,000 രൂപ ക്രെഡിറ്റായതായി കാണിച്ചു. വീണ്ടും 10,000 രൂപ നിക്ഷേപിച്ച് ടാസ്കുകൾ ചെയ്തു. മാർച്ച് 11നും ഏപ്രിൽ രണ്ടിനും ഇടയിൽ പരാതിക്കാരൻ കിഷൻ കുമാർ, രതീഷ് കെ, പ്രഹ്ലാദ് അഹ്യാവർ, ഷാജഹാൻ അലി, പിയൂഷ് സന്തോഷ് റാവു, യാഷ് വൈദ്യനാഥ് കസാരെ, രാമേശ്വർ ലാൽ, അനന്തു കൃഷ്ണ എന്നിങ്ങനെ നിരവധി വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് ഘട്ടംഘട്ടമായി 32 ലക്ഷം രൂപ അടച്ചു.
വൻ തുക ഇത്തരത്തിൽ അടച്ചതോടെ പിന്നെ മറുപടിയൊന്നുമില്ലാതെയായി. ഒരു തരത്തിലുമുള്ള ആശയവിനിമയവും ഇല്ലാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഇയാൾക്ക് മനസ്സിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഉള്ളാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.