ഉറച്ച നിലപാടുകളുള്ള കലാകാരനാണ് നേമം പുഷ്പരാജ്. അതുകൊണ്ടുതന്നെ പലപ്പോഴും കലയോട് മാത്രമല്ല, കലാപരമായ സ്ഥാനങ്ങളിലിരിക്കുമ്പോഴും സ്വന്തത്തോടും സ്വജനപക്ഷപാതങ്ങളോടും കലഹിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ചിത്രകാരൻ, കവി, ആർട്ട് ഡയറക്ടർ, സംവിധായകൻ, ലളിതകലാ അക്കാദമിയുടെ ചെയർമാൻ എന്നിങ്ങനെ അദ്ദേഹം തിളങ്ങിനിന്നു. ‘ഗൗരീശങ്കരം’, ‘ബനാറസ്’, ‘കുക്കിലിയാർ’ തുടങ്ങിയ സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നു. സംവിധാനത്തിൽനിന്ന് ഒരു വലിയ ഇടവേളയെടുത്ത അദ്ദേഹം ‘രണ്ടാം യാമം’ എന്ന സിനിമയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. നേമം പുഷ്പരാജ് സംസാരിക്കുന്നു.
ലളിതകലാ അക്കാദമിയുടെ ചെയർമാനായി സ്ഥാനമേറ്റതുമുതലാണ് സിനിമയിൽനിന്ന് തൽക്കാലം ഒരു ഇടവേളയെടുക്കുന്നത്. ആ സമയത്ത് ഞാൻ പൂർണമായും അക്കാദമിയുടെ പ്രവർത്തനങ്ങളിലായിരുന്നു. മറ്റൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരുപാട് നവീകരണങ്ങൾ നടത്താൻ മുഴുവൻ ശ്രദ്ധയും കൊടുക്കേണ്ടി വന്നു. വിവാദങ്ങളുണ്ടായപ്പോൾ അകത്തും പുറത്തും ഫൈറ്റ് ചെയ്യേണ്ടിവന്നു. നമ്മൾ നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെങ്കിൽ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടും. കൂടുതൽ പ്രവർത്തിക്കുമ്പോഴും വിമർശന വിധേയമാകും. എന്റെ കാലത്ത് ഇതു രണ്ടും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കാർട്ടൂൺ വിവാദം. ഒരു പൂവൻ കോഴിക്ക് പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ബിഷപ് ഫ്രാങ്കോയുടെ മുഖം നൽകി കാര്ട്ടൂണിസ്റ്റ് സുഭാഷ് കെ.കെ വരച്ച ‘വിശ്വാസം രക്ഷതി’ എന്ന കാർട്ടൂണിനാണ് 2018ലെ ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ അവാർഡ് നൽകിയത്. അക്കാദമിക്ക് മുന്നിൽ വലിയ പ്രകടനങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരച്ച കാർട്ടൂണിന് അവാർഡ് നൽകിയപ്പോൾ. പശുവിന്റെ തല കാർട്ടൂണിൽ വന്ന് അതിന് അവാർഡ് കിട്ടിയപ്പോഴും വലിയ പ്രക്ഷോഭങ്ങളുണ്ടായി. വീട്ടിലേക്ക് മാർച്ച് വരെ നടന്നു. അങ്ങനെ ഭയപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മൾ പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, നമ്മളുടെ യാത്ര ശരിയെങ്കിൽ നമ്മൾ ഭയപ്പെടേണ്ടതില്ല.
വിവാദങ്ങൾ രണ്ടുവിധത്തിലുണ്ട്. ഒന്ന് സിനിമയുടെ അല്ലെങ്കിൽ ഒരു കലാരൂപത്തിന്റെ വിജയത്തിനുവേണ്ടി ബോധപൂർവം സൃഷ്ടിക്കപ്പെടുന്നത്. മറ്റൊന്ന് സ്വാഭാവികമായി ഉണ്ടാകുന്നത്. അവനവൻ അവനവനെ തന്നെ വിഭജിച്ചുകൊണ്ടിരിക്കുന്ന വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്തായാലും രണ്ട് വിവാദങ്ങളും നന്നല്ല എന്നാണ് അഭിപ്രായം.
നേമം പുഷ്പരാജ് രേഖ, ജോയ് മാത്യു എന്നിവർക്കൊപ്പം ലൊക്കേഷനിൽ
ചിത്രകല ഒരു മറയുമില്ലാതെ ലാഭഛേദങ്ങൾ നോക്കാതെ ആരുടെയും തടസ്സമില്ലാതെ സ്വതന്ത്രമായി എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ്. നമ്മുടെ ആത്മസംഘർഷങ്ങളെ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് അത്. സിനിമ ഒരുപാട് പേരുടെ അധ്വാനവും സർഗാത്മകതയും എല്ലാം കൂടിച്ചേർന്നതാണ്. ജനങ്ങൾ സ്വീകരിക്കപ്പെടുന്ന വിധത്തിലായിരിക്കും സിനിമയുടെ നിർമാണം. എന്നാൽ, പെയിന്റിങ്ങിനെ സംബന്ധിച്ച് ആ ബാധ്യതയില്ല. അനന്തമായ വിഹായസ്സിലേക്ക് ചിറകടിച്ചങ്ങനെ പോകുന്ന വിധമാണ് പെയിന്റിങ് അനുഭവപ്പെടാറ്.
ലളിതകലാ അക്കാദമി സ്ഥാപിച്ചിട്ട് 60 വർഷമാകുന്നു. ഞാൻ സ്ഥാനമേറ്റെടുക്കുമ്പോൾ 12 ആർട്ട് ഗാലറികളാണ് കേരളത്തിലുണ്ടായിരുന്നത്. അത് പിന്നീട് 18 എണ്ണമായി. അക്കാദമിയുടെ എല്ലാ ഗാലറികളും നവീകരിച്ചു. ഒരുപാട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ചു. എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഒരു ആർട്ട് ജേണൽ ഇറക്കാൻ കഴിഞ്ഞു. ഇന്ത്യയുടെതന്നെ അഭിമാനമായ അകാലത്തിൽ മൃതിയടഞ്ഞ ടി.കെ. പത്മിനിയുടെ പേരിൽ ദർബാർ ഹാളിനോട് ചേർന്ന് ആർട്ട് ഗാലറി ഉണ്ടാക്കി. കുട്ടികൾക്കും മുതിർന്നവർക്കും പ്രഫഷനൽ ആർട്ടിസ്റ്റുകൾക്കുമായി നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചു.
ഒരു ഗ്രാമത്തിലെ ഓർത്തഡോക്സ് ഫാമിലിയിൽ നടക്കുന്ന കഥയാണ് ‘രണ്ടാം യാമം’. അതിനുള്ളിലുണ്ടാകുന്ന ചില സംഘർഷങ്ങളും പ്രണയങ്ങളും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും ഒക്കെയാണ് പ്രമേയം. രണ്ട് കാലങ്ങളെ ഈ ചിത്രം പ്രതിനിധാനം െചയ്യുന്നുണ്ട്. ഒരു സാങ്കൽപിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. അതിൽ കുറച്ച് ഫാന്റസിയും പഴയ കാലഘട്ടവും സമകാലിക കാലവുമുണ്ട്. കുടുംബബന്ധങ്ങളുടെ കഥകൂടി പറയുന്നുണ്ട് ഈ സിനിമയിൽ. സ്വാസിക, രേഖ, ജോയ് മാത്യു, സുധീർ കരമന, രമ്യാകൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കൾ.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.