ഭരണഘടനയും അതിന്റെ മൂല്യങ്ങളും ജീവവികാരമായി നെഞ്ചിൽ ചേർത്തുനിർത്തിയ നിയമജ്ഞർ അപൂർവമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, റിപ്പബ്ലിക്കിന്റെ മുന്നേറ്റത്തിൽ ഭരണഘടനയുടെ പ്രാധാന്യം എപ്പോഴും നമ്മെ ഓർമിപ്പിച്ചുകൊണ്ട് ദവെ ഇവിടെയുണ്ട്. ഇന്ത്യൻ ഭരണഘടനക്ക് 75 വയസ്സ് തികഞ്ഞ വേളയിൽ, പ്രമുഖ നിയമജ്ഞനും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം
നമ്മുടെ ഭരണഘടനയുടെ സവിശേഷതയായി താങ്കൾ കാണുന്നതെന്താണ്?
● ഓരോ അധ്യായവും ഓരോ അനുച്ഛേദവും അതിന്റേതായ റോൾ നിർവഹിക്കുന്ന അതിവിശിഷ്ടമായ ഒന്നാണ് നമ്മുടെ ഭരണഘടന. രാജ്യം കൊണ്ടുനടത്താൻ ഭരണകൂടത്തെ പ്രാപ്തമാക്കുക മാത്രമല്ല, ജനങ്ങളുടെ അലംഘനീയമായ അവകാശത്തെ കുറിച്ചും അത് പറയുന്നു. ഭരണകൂടത്തിന് നൽകിയ അധികാരത്തേക്കാൾ പൗരന്മാരുടെ അന്തസ്സും അവകാശങ്ങളുമാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. അതിനാൽ ഇതിന്റെ ഓരോ ഭാഗവും ഒരു പൗരനെയും ഈ രാജ്യത്തെയും സംബന്ധിച്ചിടത്തോളം വിലപിടിപ്പുള്ളതാണ്.
ഭരണഘടനയിൽ താങ്കൾക്കേറ്റവും മനോഹരമായി തോന്നിയ അനുച്ഛേദമേതാണ്?
● നടപ്പാക്കി കിട്ടാനുള്ള സംവിധാനങ്ങളില്ലെങ്കിൽ പൗരന്മാർക്ക് അനുവദിച്ചുകൊടുത്ത മൗലികാവകാശങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും കൊണ്ട് ഒരു കാര്യവുമില്ല. അനുവദിച്ചു കിട്ടാത്ത അവകാശങ്ങൾ അർഥശൂന്യമാണ്. അതിനാൽ ഭരണഘടനയുടെ 226, 32 അനുച്ഛേദങ്ങളാണ് ഏറ്റവും സുപ്രധാനമായി എനിക്ക് തോന്നിയത്. ഏതൊരു പൗരനും സുപ്രീംകോടതിയെ സമീപിക്കാൻ അധികാരം നൽകിയത് ഭരണഘടനയുടെ 32ാം അനുച്ഛേദമാണ്. സുപ്രീംകോടതിയിൽ പോകുകയെന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്. അതുപോലെ തന്നെയാണ് ഹൈകോടതിയിൽ പോകുകയെന്നത് പൗരന്റെ മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനയുടെ 226ാം അനുച്ഛേദവും. മൗലികാവകാശങ്ങൾക്ക് പുറമെ നിയമപരമായ അവകാശങ്ങൾക്കും ഹൈകോടതിയെ സമീപിക്കാമെന്നതാണ് 226ന്റെ സവിശേഷത. എന്നാൽ, സുപ്രീംകോടതി തന്നെ പലപ്പോഴും ഇത് മറക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. മൗലികാവകാശത്തിനായി ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ, 32ാം അനുച്ഛേദം നോക്കാതെ എന്തുകൊണ്ട് ഹൈകോടതിയിലേക്ക് പോയില്ലെന്നാണ് ചോദിക്കുന്നത്? മൗലികാവകാശം ലംഘിക്കപ്പെടുമ്പോൾ സുപ്രീംകോടതിയിൽ നേരിട്ട് പോകാനുള്ള പൗരന്റെ അവകാശത്തെ തടയാനാവില്ല. ഹൈകോടതിയിൽ പോകാൻ പറയാതെ ആ വിഷയം എടുക്കേണ്ട ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട്.
സുപ്രീംകോടതി ആ അവകാശം അനുവദിക്കാതെ ഹൈകോടതിയിലേക്ക് പോകാൻ പറയുന്നതും മൗലികാവകാശ ലംഘനമാവില്ലേ?
● സുപ്രീംകോടതി അങ്ങനെ ചെയ്യുന്നതും മൗലികാവകാശ ലംഘനമാണ്.
75 വയസ്സ് പൂർത്തിയാകുന്ന ഭരണഘടന എന്തെങ്കിലും വെല്ലുവിളി നേരിടുന്നുണ്ടോ?
● ഇന്ത്യൻ ഭരണഘടനക്ക് ഒരു വെല്ലുവിളിയുമില്ല. വെല്ലുവിളിക്കാനാകാത്ത ലിഖിതമായ രേഖയാണത്. എന്നാൽ, ഭരണ സംവിധാനങ്ങൾ ഏതുതരത്തിൽ അതിനെ സമീപിക്കുന്നു എന്നിടത്താണ് പ്രശ്നം. ഭരണഘടനക്ക് അനുസൃതമായി രാജ്യത്തെ ഭരണസംവിധാനങ്ങൾ പോകുന്നുണ്ടോ എന്നതാണ് ചോദ്യം. ജനാധിപത്യത്തെ അതിന്റെ സത്തയിൽ നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഭരണസംവിധാനങ്ങൾ അക്ഷരത്തിലും ചൈതന്യത്തിലും അതിനെ പിന്തുടരണം. പൗരന്മാരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സർക്കാർ, നിയമനിർമാണ സഭകൾ, കോടതികൾ എന്നിവയെല്ലാം ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കണം.
ഭരണഘടന എന്താണെന്നോ ഭരണഘടനാ ധാർമികത എന്താണെന്നോ കുട്ടികളായിരിക്കുമ്പോൾ ആരും നമ്മെ പഠിപ്പിക്കുന്നില്ല എന്നതാണ് പൗരന്മാർ എന്ന നിലക്ക് ഇന്ത്യയിൽ നാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം. രാജ്യത്തെ 99 ശതമാനം ജനങ്ങൾക്കും ഇന്ത്യൻ ഭരണഘടന എന്താണെന്നറിയില്ല. അത് തങ്ങൾക്ക് നൽകുന്ന പദവിയും അവകാശങ്ങളും അവർക്കറിയില്ല. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളും ധാർമികതയും ശരിയായ അർഥത്തിൽ നാം കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കുന്നില്ലെങ്കിൽ അവർക്കതേപ്പറ്റി ധാരണയോ അതിനോടൊരു സ്നേഹമോ ഉണ്ടാവില്ല. അങ്ങനെ വരുമ്പോൾ ഭരണഘടനയെന്നത് തങ്ങൾക്കായുള്ള സുപ്രധാന രേഖയാണെന്ന തോന്നൽ അവരിലുണ്ടാകുന്നില്ല.
ഈ അജ്ഞത എങ്ങനെ മറികടക്കാം? കുട്ടിക്കാലം തൊട്ടേ ഭരണഘടന പഠിപ്പിക്കാൻ അത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണോ?
● തീർച്ചയായും. ഒന്നാം ക്ലാസ് തൊട്ട് വിദ്യാർഥികളെ ഭരണഘടന പഠിപ്പിക്കണം. സ്കൂൾ പഠനം അവസാനിക്കുന്നതോടെ ഭരണഘടനയുടെ മുഴുവൻ ഭാഗങ്ങളും അവർ പഠിച്ചുതീരും. അതോടെ രാജ്യത്തെ എല്ലാ പൗരന്മാരും ഭരണഘടനയെക്കുറിച്ച് അറിവുള്ളവരാകും. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ അതിന് എന്തുമാത്രം പ്രാധാന്യമുണ്ട് എന്നവർ മനസ്സിലാക്കും. ഇന്ന് ഭരണഘടന വായിക്കുന്നതിന്റെ പ്രാധാന്യം നാം മറന്നു. ജീവിതത്തിന്റെ ഓരോ മിനിറ്റിലും നമുക്ക് ആവശ്യമുള്ളതാണത്. അതിനാൽ ഭരണഘടന പഠിപ്പിച്ചാൽ മാത്രമേ പൗരന്മാർ ഭരണഘടനാ ധാർമികതയും മുല്യങ്ങളും ഉയർത്തിപ്പിടിക്കുകയുള്ളൂ.
ഭരണഘടനാ ധർമികതയെക്കുറിച്ച് താങ്കൾ നേരത്തെ പറഞ്ഞു. എന്നാൽ, ഈ ധാർമികത ഉയർത്തിപ്പിടിക്കാത്ത പല വിധികളും സുപ്രീംകോടതിയിൽ നിന്നുണ്ടായെന്ന ആക്ഷേപവുമുയർന്നിട്ടുണ്ടല്ലോ?
● ഏതെങ്കിലും ഒരു വിധി എടുത്ത് പ്രത്യേകമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ സമീപനം സമ്മിശ്രമാണ്. പൗരാവകാശങ്ങളുടെ സംരക്ഷണത്തിൽ സുപ്രീംകോടതി വലിയ സംഭാവനയാണ് അർപ്പിക്കുന്നത്. അതേസമയം ഓരോ അധികാരത്തിനൊപ്പവും ഉത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കണം. സുപ്രീംകോടതിയും ഹൈകോടതികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തം ആത്മാർഥമായും കണിശമായും നിർവഹിക്കാതിരുന്നാൽ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.