തിരുവനന്തപുരം: കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് തർക്കം തുടരവെ 2000 കോടി രൂപകൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഈ ആഴ്ച 2000 കോടി നേരത്തേ കടമെടുത്തിരുന്നു. അതിന് പിന്നാലെയാണിത്. ഇക്കൊല്ലത്തേക്ക് 15390 കോടി രൂപയാണ് കേന്ദ്രം കടമെടുക്കാൻ അനുവദിച്ചത്. ഇതുകൂടിയായപ്പോൾ എടുക്കുന്ന കടം 5000 കോടി കടക്കും.
പുതുതായി എടുക്കുന്ന 2000 കോടി രൂപയുടെ കടപ്പത്ര ലേലം ജൂൺ ആറിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. കടപരിധി വെട്ടിക്കുറച്ചതിന്റെ കാരണം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രം ഇതിന് മറുപടി നൽകുമെന്ന് അറിയിച്ചെങ്കിലും ലഭിച്ചിട്ടില്ല. വിശദമായ മറുപടി കേന്ദ്രം നൽകുമെന്നാണ് വിവരം.
കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ വഴി എടുത്ത കടങ്ങൾ സംസ്ഥാനത്തിന്റെ കടത്തിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കടപരിധി അടിസ്ഥാനമാക്കിയാണ് ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. ഇത് ലഭിക്കാതെ വന്നാൽ സാമ്പത്തിക ഞെരുക്കം രൂക്ഷമാകും. കടപരിധി ഉയർത്താനുള്ള സമ്മർദമാകും ഇനി സംസ്ഥാനം നടത്തുക. ഇക്കാര്യത്തിൽ കേന്ദ്രത്തിനെതിരെ നിയമനടപടികൾ അടക്കം ആലോചിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.