കോഴിക്കോട് : സുഗതകുമാരിയുടെ ഓർമക്ക് ഇന്ന നാല് വയസ്. 'മരക്കവി് എന്ന് ആക്ഷേപിക്കപ്പെട്ട ഈ എഴുത്തുകാരി കേരളത്തിലെ പരിസ്ഥതി സംരക്ഷണത്തിന് നൽകിയ സംഭാവനം വിലമതിക്കാനാവില്ല. ആ ഇടപെടലുകൾ ആരംഭിച്ചത് സൈലന്റ് വാലിയിൽനിന്നാണ്. ഈ സമരത്തിൽ സുഗതകുമാരിക്ക് ലഭിച്ച ബഹുമതിയാണ് 'മരക്കവി് എന്ന ചെല്ലപേര്. 1978 ൽ പ്രഫ.എം.കെ പ്രസാദ് എഴുതിയ സൈലൻറ് വാലി എന്ന കാട് ഒരു ജലവൈദ്യുത പദ്ധതിക്കു വേണ്ടി നശിപ്പിക്കാൻ പോകുന്നവെന്ന ലേഖനമാണ് സുഗതകുമാരിയുടെ ജീവിയാത്രയെ മാറ്റി മറിച്ചത്.
സൈലൻറ് വാലി സംരക്ഷണത്തിനുള്ള സമരപാത തുറന്നത് ട്രിവാൻട്രം ഹോട്ടലിൽ സൈലൻറ് വാലി സംരക്ഷണ സമിതി പ്രവർത്തകരുടെ യോഗത്തിൽനിന്നാണ്. ശർമ്മാജിയും നാലഞ്ചു ചെറുപ്പക്കാരുമായി തുടങ്ങിയ സംഭാഷണമാണ് പ്രകൃതി സംരക്ഷണത്തിനുള്ള പുതുവഴി വെട്ടിയത്. ഡോ. സതീശ് ചന്ദ്രനാണ് പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴത്തിലുള്ള അറിവിലേക്ക് നയിച്ചത്.
അങ്ങനെ കേരളകൗമുദിയിൽ ലേഖനമെഴുതി. ശാസ്ത്രജ്ഞരെക്കാൾ എഴുത്തുകാരുടെ വാക്കുകൾക്ക് ജനമനസിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന് അതിൻെ പ്രതികരണങ്ങൾ വ്യക്തമായി. തുടർന്ന് സുഹൃത്ത് കവികളെയും കൂട്ടി എൻ.വി.കൃഷ്ണവാര്യരുടെ അടുത്തേക്ക്. അങ്ങനെയാണ് പ്രകൃതിസംരക്ഷണ സമിതി രജിസ്റ്റർ ചെയ്തത്. എൻ.വി അധ്യക്ഷനും സുഗതകുമാരി സെക്രട്ടറിയും ഒ.എൻ.വി കടമ്മനിട്ട ,വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ സ്ഥാപകാംഗങ്ങളായി. ഇ.ബാലനന്ദനല്ല മാർക്സ് വന്ന് പറഞ്ഞാലും സൈലൻറ് വാലി പദ്ധതിയെ അനുകൂലക്കില്ലെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് പി.ഗോവിന്ദപ്പിള്ള പ്രഖ്യാപിച്ചു.
'തോൽക്കുന്ന യുദ്ധത്തിനും പടയാളികളെ' ആവശ്യമുണ്ടെന്ന മുദ്രാവാക്യമാണ് അന്നുയർന്നത്. ഒ.വി.വിജയൻ, വൈലോപ്പിളളി തുടങ്ങിയവരെല്ലാം അതിൻെറ ഭാഗമായി. നാടൊട്ടുക്ക് കവിയരങ്ങുകൾ, നാടകങ്ങൾ, അയ്യപ്പപണിക്കരുടെ കാടെ വിടെ മക്കളെ കടമ്മനിട്ടയുടെ കുഞ്ഞേ മുലപ്പാൽ കുടിക്കരുത് കവിതകൾ. അങ്ങനെ എൺപതുകൾ കവിതയുടെ വസന്തകാലമായി. മാറ്റൊലി പോലെ മൃണാളിനി സാരാഭായി കാടിനുവേണ്ടി കേരളത്തിൽ നൃത്തം ചവുട്ടി. എം.ബി ശ്രീനിവാസൻ സംഘഗാനവുമായി ഓടിയെത്തി.
ചിത്രകാരന്മാർ കാടിൻറെ പ്രതിരോധ വരകൾ തീർത്തു. മലബാറിൽ ഇതേ കാലത്ത് ജോൺസി ജേക്കബിൻെറ നേതൃത്വത്തിൽ 'സിക്ക്' എന്ന സംഘടന വിദ്യാർഥികൾക്കിടയിൽ ശക്തമായി. സംസ്ഥാന സർക്കാർ സൈലൻറ് വാലിയിൽ കാടില്ലെന്ന് നിരവധി റിപ്പോർട്ടുകൾ നൽകി. വൈദ്യുതി ബോർഡ് ജീവനക്കാരുടെ സംഘടന ശകാരവർഷവുമായി നേരിട്ടു. രാജ്യദ്രോഹികളും സി.ഐ.എ ഏജൻറുമാരും വികസ വിരുദ്ധരുമാണെന്ന് മുദ്രകുത്തി.എൻ.വി. കൃഷ്ണവാര്യരെ മാനേജ് മെൻറ് ശാസിച്ചു.
ഒടുവിൽ ഏഴു വർഷങ്ങൾക്കു ശേഷം കഠിനമായ പ്രശ്നങ്ങൾക്കും നിരവധി കോടതി കേസുകൾക്കും ശേഷം സൈലൻറ് വാലി രക്ഷപ്പെട്ടു. സമരം അംഗീകരിക്കപ്പെട്ടു. സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ശക്തമായ വന നിയമങ്ങൾ പാസാക്കി. തലമുറകൾക്ക് വേണ്ടി സംരക്ഷിക്കേണ്ട അമൂല്യസമ്പത്ത് ആണെന്നുള്ള ശക്തമായ നിലപാട് സർക്കാർ സ്വീകരിച്ചു. ലോകത്തിൽ തന്നെ ആദ്യമായാണ് ആണ് പ്രകൃതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ എഴുത്തുകാർ സംഘടിച്ച് പോരട്ടം തുടങ്ങിയത്.
കേരളീയ ജനത കാടിൻറെ ശബ്ദം കേട്ടു. രാഷ്ട്രീയപാർട്ടികളും ആ ശബ്ദം കാതോർത്തു മാധ്യമങ്ങൾ പരിസ്ഥിതി പ്രശ്നം സജീവമായി ഏറ്റെടുത്ത് തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തെ ഇന്ന് പരിഹസിക്കുന്നവർ കുറവാണ്. 70 കളുടെ അവസാനത്തിലെ സൈലന്റ് വാലി വിവാദം കവിയുടെ കവിതയും ജീവിതവും മാറ്റിമറിച്ചു. അന്നുവരെ എഴുതിയ സുഗതകുമാരിയെയല്ല പിന്നീട് കണ്ടത്. മനസുകൊണ്ട് ഭൂമിയെ പുണരുന്ന എഴുത്തുകാരി സമരത്തിൻെറ മുന്നണിപ്പടയാളിയായി.
കൂടെനിന്നവർ പലരും പിൻവാങ്ങുമ്പോൾ അവർ പടപൊരുതി മുന്നേറി. ശക്തമായ ജനമുന്നേറ്റത്തെയും പ്രതിരോധത്തെയും ഫലമായി 1983 നവംബറിൽ സൈലൻറ് വാലി പദ്ധതി സർക്കാർ ഉപേക്ഷിച്ചു. സൈലൻറ് വാലിയുടെ പച്ചവെളിച്ചം പ്രകൃതി സംരക്ഷണത്തിനുള്ള പോരാട്ടങ്ങളുടെ പ്രതീകമായി. അത് ജീവിതത്തിന് പുതിയ തിളക്കം നൽകി.
സുഗതകുമാരി വനം വെട്ടി നശിപ്പിക്കരുത് എന്ന് പറയാൻ മലയാളികളെ പഠിപ്പിച്ചു. പുല്ലും പുഴുവും പറവയും മനുഷ്യനും തമ്മിലുള്ള അദൃശ്യമായ ബന്ധം കാട്ടിത്തന്നു. സുഗതകുമാരിക്ക് ശേഷം ഇത്തരമൊരു വഴി സ്വീകരിക്കാൻ എഴുത്തുകാർ ആരുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.