മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിെൻറ സ്വത്ത് ലേലത്തിൽ പിടിക്കാൻ മലയാളി പത്രപ്രവർത്തകൻ. മൂന്നര പതിറ്റാണ്ടിലേറെയായി ക്രൈം റിപ്പോർട്ടറായി ജോലിചെയ്യുന്ന പാലക്കാട് സ്വദേശി എസ്. ബാലകൃഷ്ണനാണ് സർക്കാർ പിടിച്ചെടുത്ത ദാവൂദ് സ്വത്തുക്കളിലൊന്ന് ലേലത്തിൽ പിടിക്കാൻ ശ്രമിക്കുന്നത്. പാക്മോഡിയ സ്ട്രീറ്റിൽ 45.16 ചതുരശ്ര മീറ്റർ വലുപ്പുള്ള ‘ഡൽഹി സൈക്കാ’ ഹോട്ടലിലാണ് ബാലകൃഷ്ണെൻറ കണ്ണ്. 1.18 കോടി രൂപയാണ് ഹോട്ടലിന് ആദായ നികുതി വകുപ്പ് നിശ്ചയിച്ച അടിസ്ഥാന മൂല്യം. മുമ്പ് നാലു തവണ ലേലം നടത്തിയെങ്കിലും ‘ഡി കമ്പനി’യെ പേടിച്ച് ആരും ലേലത്തിൽ പങ്കെടുത്തിരുന്നില്ല. തെൻറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ദേശസേവാ കമ്മിറ്റിക്കുവേണ്ടിയാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്ന് എസ്. ബാലകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ–ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്ന സന്നദ്ധസംഘടനയാണ് ദേശസേവാ കമ്മിറ്റി.
1993ലെ മുംബൈ സ്ഫോടന പരമ്പരക്കുശേഷം സി.ബി.ഐ കണ്ടുകെട്ടിയ ദാവൂദ് ഇബ്രാഹീമിെൻറ ഏഴ് സ്വത്തുക്കളാണ് സർക്കാർ ലേലം ചെയ്യുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് വാങ്ങാൻ പോകുന്ന സ്വത്ത് പരിശോധിക്കാൻ സർക്കാർ വ്യാഴാഴ്ച അവസരമൊരുക്കി. ഹോട്ടൽ ‘ഡൽഹി സൈക്കാ’ കാണാൻ ബാലകൃഷ്ണൻ മാത്രമേ എത്തിയുള്ളൂ. എന്നാൽ, ഷട്ടർ തുറന്ന് അകം കാണിക്കാൻ അധികൃതർ തയാറായില്ല. ഷട്ടർ തുറക്കരുതെന്നാണ് മുകളിൽനിന്നുള്ള ഉത്തരവത്രെ. ലേലനടപടി സുതാര്യമല്ലെന്ന് ബാലകൃഷ്ണൻ ആരോപിച്ചു.
പഴകിയ നിലയിലാണ് കെട്ടിടം. നാലു തവണ ലേലം നടത്തിയിട്ടും ആളില്ലാതെപോയ ഏഴ് സ്വത്തുവകകളാണ് ഇപ്പോൾ ലേലത്തിന് വെച്ചത്. മൂന്ന് മുറികൾ നേരത്തേ ആളുകൾ ലേലത്തിൽ വാങ്ങിയിരുന്നു. എന്നാൽ, അത് ഇതുവരെ സ്വന്തമാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. മുമ്പ് നടന്ന ലേലത്തിൽ നാഗ്പാഡയിലുള്ള ഒരു ഫ്ലാറ്റ് ഡൽഹിക്കാരനായ അഭിഭാഷകൻ ലേലത്തിൽ പിടിച്ചിരുന്നു. ശിവസേനക്കാരനാണ് ഈ അഭിഭാഷകൻ. എന്നാൽ, ഇന്നേവരെ ഫ്ലാറ്റിൽ കാലുകുത്താൻ അദ്ദേഹത്തെ ‘ഡി കമ്പനി’ അനുവദിച്ചിട്ടില്ല. ഒടുവിൽ പൊലീസിന് ഫ്ലാറ്റ് എഴുതിനൽകാൻ അഭിഭാഷകൻ തയാറായെങ്കിലും പൊലീസ് സ്വീകരിച്ചില്ല.
‘ഡി കമ്പനി’യുടെ ഈറ്റില്ലമായിരുന്നു ദക്ഷിണ മുംബൈയിലെ ഭിണ്ഡി ബസാറിലുള്ള പാക്മോഡിയ സ്ട്രീറ്റും പരിസരങ്ങളും. ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളെ കമ്പ്യൂട്ടറും ഇംഗ്ലീഷ് ഭാഷയും പഠിപ്പിക്കുകയാണ് സന്നദ്ധ സംഘടനയുടെ ലക്ഷ്യമെന്ന് ബാലകൃഷ്ണൻ പറയുന്നു. 36 വർഷം ടൈംസ് ഓഫ് ഇന്ത്യയിലും ഒരു വർഷം ഡി.എൻ.എയിലും ബാലകൃഷ്ണൻ റിപ്പോർട്ടറായിരുന്നു. അധോലോകവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മുംബൈയിലാണ് ജനിച്ചുവളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.